+

മുസ്ലിം ലീഗ് ദേശീയ അസി. സെക്രട്ടറിയായി വയനാട്ടുകാരി അഭിമാന നിമിഷം: പിന്നിലാക്കപ്പെട്ടവർക്ക് വേണ്ടി പോരാട്ടം: ജയന്തി രാജൻ

ചെന്നൈയിൽ ഇന്നലെ ചേർന്ന മുസ്ലിം ലീഗ് ദേശീയ കൗൺസിൽ യോഗത്തിൽ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോൾ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു.

കൽപ്പറ്റ: ചെന്നൈയിൽ ഇന്നലെ ചേർന്ന മുസ്ലിം ലീഗ് ദേശീയ കൗൺസിൽ യോഗത്തിൽ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോൾ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജൻ മുസ്്‌ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയായത് വയനാടിന് അഭിമാനകരമായ അംഗീകാരമായി. ദലിത് - സ്ത്രീ പക്ഷ രാഷ്ട്രീയത്തിൽ ഇതിനകം ശ്രദ്ധേയ ഇടപെടൽ നടത്തിയ ജയന്തി രാജൻ നിലവിൽ വനിതാ ലീഗ് ദേശീയ സെക്രട്ടറി കൂടിയാണ്. 

പതിറ്റാണ്ടുകൾ പിന്നിടുന്ന വയനാടൻ ഹരിതരാഷ്ട്രീയത്തിൽ നിന്ന് ആദ്യമായാണ് ദേശീയ രാഷ്ട്രീയത്തിലെ ഇത്രയും ഉന്നതമായ പദവിയിൽ ഒരാളെത്തുന്നതെന്ന പ്രത്യേകതയും ജയന്തിയുടെ പുതിയ സ്ഥാനലബ്ദിക്കുണ്ട്. സാമൂഹ്യമുന്നേറ്റത്തിൽ പതിറ്റാണ്ടുകൾ പിന്നിലായ വയനാട് ജില്ലയിൽ നിന്നുള്ള ഒരു വനിതാ നേതാവ് മുസ്്‌ലിം ലീഗിന്റെ അഖിലേന്ത്യാ ഭാരവാഹിത്വത്തിലെത്തുന്നതോടെ ദലിത് - സ്ത്രീ പക്ഷ രാഷ്ട്രീയത്തിൽ വലിയ മുന്നേറ്റങ്ങൾക്ക് നാന്ദികുറിക്കാനാവും. രാജ്യത്തെ ദലിത് - സ്ത്രീ പക്ഷ രാഷ്ട്രീയത്തെയും അവ നേരിടുന്ന വെല്ലുവിളികളെയും അതീവ ഗൗരവത്തോടെയാണ് മുസ്്‌ലിംലീഗ് കാണുന്നതെന്ന പ്രഖ്യാപനം കൂടിയാണ് ജയന്തി രാജന്റെ പുതിയ പദവി. 

'രാഷ്ട്രീയ ജീവിതത്തിലെ അഭിമാന നിമിഷമാണിതെന്ന്' ജയന്തി രാജൻ പ്രതികരിച്ചു. ''രാജ്യത്തെ പിന്നാക്ക ദലിത് ന്യൂനപക്ഷങ്ങൾക്ക് വേണ്ടി അഹോരാത്രം പരിശ്രമിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടി അതിന്റെ അത്യുന്നത പദവകളിലൊന്നിൽ നിയമിച്ചതിൽ അഭിമാനമുണ്ട്. മുസ്്‌ലിം ലീഗ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിന്റെ മഹത്വം കൂടിയാണിത് തെളിയിക്കുന്നത്. രാജ്യത്തെ അരക്ഷിതരായവർക്കും ദുരിതമനുഭവിക്കുന്നവർക്കും വേണ്ടി പ്രവർത്തിക്കാനുള്ള ഊർജ്ജം വർധിപ്പിക്കുന്നതാണ് പുതിയ ഉത്തരവാദിത്വം. വയനാട്ടിലെ ഏറ്റവും സാധാരണ കുടുംബത്തിൽ നിന്നും വരുന്ന ഒരാളെന്ന നിലയിൽ സ്ത്രീകളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ദുരിതങ്ങൾ നേരിട്ടറിയാം. അവ പരിഹരിക്കുന്നതിനും അഭിമാനകരമായ അസ്ഥിത്വം ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ദേശീയ അസി. സെക്രട്ടറി പദവി വലിയ രീതിയിൽ സഹായകമാവും.'' ജയന്തിര രാജൻ പറഞ്ഞു.

പുൽപള്ളി ഇരുളം സ്വദേശിയായ ജയന്തി, പൂതായി ഗ്രാമപഞ്ചായത്ത് അംഗമായാണ് ആദ്യമായി ജനപ്രതിനിധിയാവുന്നത്. അഞ്ചുകുന്ന് ഡിവിഷനിൽ നിന്നും പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. രാജനാണ് ഭർത്താവ്. സോഫ്റ്റ്‌വെയർ എഞ്ചിനീയറായ രാജീവ് രാജൻ, ബി.ഡി.എസ് അവസാന വർഷ വിദ്യാർത്ഥിനി രഞ്ജുഷ രാജൻ എന്നിവർ മക്കൾ. 

facebook twitter