വയനാട് :ദുരന്ത ബാധിതർക്കായി കൽപ്പറ്റ ഏൽസ്റ്റൺ എസ്റ്റേറ്റിൽ ഒരുങ്ങുന്ന പുനരധിവാസ ടൗൺഷിപ്പ് ലോകത്തിന് മാതൃകയാവുമെന്നും ടൗൺഷിപ്പ് മികച്ച പുനരധിവാസ സെറ്റിൽമെന്റാണെന്നും റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. ടൗൺഷിപ്പ് സന്ദർശിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി. കൂടുതൽ തൊഴിലാളികളെയും ആധുനിക യന്ത്രോപകരണങ്ങളും എത്തിച്ച് ടൗൺഷിപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. അഞ്ച് സോണുകളിലും ഒരേപോലെ നിർമാണ പ്രവൃത്തികൾ നടക്കുകയാണ്.
കാലവർഷത്തിനും തുലാവർഷ മഴയ്ക്കുമിടയിൽ സാധാരണ ലഭിച്ചിരുന്ന ഇടവേള ലഭിക്കാതെ മഴ പെയ്യുന്നത് പ്രശ്‌നമണെങ്കിലും ടൗൺഷിപ്പ് നിർമാണ പൂർത്തീകരണത്തിന്റെ സമയപരിധി ദീർഘിപ്പിക്കില്ല. മഴ കണക്കിലെടുത്ത് നിർമാണ പ്രവർത്തനത്തിൽ ആവശ്യമായ മാറ്റം വരുത്തി പ്രതിസന്ധി തരണം ചെയ്യാനാണ് തീരുമാനം. നിലവിൽ 533 തൊഴിലാളികളാണ് ടൗൺഷിപ്പ് നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ജോലി ചെയ്യുന്നത്.
സോൺ ഒന്നിൽ 121 വീടുകളുടെയും സോൺ രണ്ടിൽ 12, സോൺ മൂന്നിൽ 28, സോൺ നാലിൽ 37, സോൺ അഞ്ചിൽ 99 വീടുകളുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. നിർമ്മാണ പ്രവർത്തനങ്ങൾക്കായി നിലവിൽ പനമരത്ത് നിന്നാണ് കോൺക്രീറ്റ് മിക്‌സ് എത്തിക്കുന്നത്. കോൺക്രീറ്റ് മിക്‌സ് എത്തിക്കുന്നതിൽ കാലതാമസം ഒഴിവാക്കാനായി ടൗൺഷിപ്പ് നിർമാണ സ്ഥലത്ത് തന്നെ മണിക്കൂറിൽ 18 മീറ്റർ ക്യൂബ് ശേഷിയുള്ള മിക്‌സിങ് പ്ലാന്റ് സ്ഥാപിച്ചു. ഒരാഴ്ചയ്ക്കകം പ്ലാന്റ് പ്രവർത്തന സജ്ജമാവും. ജില്ലയിൽ മഴ ശക്തമാവുന്ന സാഹചര്യങ്ങളിൽ നിർമാണ സ്ഥലത്തെ റോഡുകളിലൂടെ വലിയ മെഷീനുകൾ എത്തിക്കാൻ പ്രയാസം നേരിടുന്നത് പരിഹരിക്കാൻ പ്രദേളത്ത് അഞ്ചര മീറ്റർ വീതിയിൽ താത്ക്കാലിക റോഡ് നിർമിക്കുമെന്നും മന്ത്രി പറഞ്ഞു. ടൗൺഷിപ്പിലൂടെ കടന്നുപോകുന്ന ഹൈ ടെൻഷൻ വൈദ്യുതി ലൈനും വൈദ്യുതി വിതരണ ലൈനും മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ കെ.എസ്.ഇ.ബിയുമായി ചേർന്ന് സ്വീകരിക്കും