സംസ്ഥാനത്തെ സ്കൂളുകൾ മികച്ച നിലവാരം പുലർത്തുന്നു: ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ

08:11 PM Nov 01, 2025 | AVANI MV

വയനാട് : സംസ്ഥാനത്തെ സ്കൂളുകൾ മികച്ച നിലവാരം പുലർത്തി വിദ്യാർത്ഥികളെ ചേർത്ത് നിർത്തുന്ന സമീപനം അഭിനന്ദനാർഹമാണെന്ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ അംഗം ജാതോതു ഹുസൈൻ. കണിയാമ്പറ്റ ഗേൾസ് മോഡൽ റസിഡൻഷ്യൽ സ്കൂൾ സന്ദർശിച്ച ശേഷം കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളും ഹോസ്റ്റലും സന്ദർശിച്ച ശേഷം കുട്ടികളോടും അധ്യാപകരോടും ജീവനക്കാരോടും അദ്ദേഹം കമ്മീഷൻ അംഗം സംവദിച്ചു.  വിവിധ കായിക മത്സരങ്ങളിൽ ദേശീയ തലത്തിൽ ഉൾപ്പെടെ മികച്ച വിജയം നേടിയ  വിദ്യാർത്ഥികൾക്ക് അദ്ദേഹം സമ്മാനങ്ങൾ നൽകി.  സന്ദർശനത്തിന്റെ ഓർമയ്ക്കായി സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈ നട്ടു. ജില്ലയിലെ വൈത്തിരി, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ വട്ടക്കുണ്ട്,   കൊഴിഞ്ഞങ്ങാട് ഉന്നതികൾ കമ്മീഷൻ അംഗം സന്ദർശിച്ചു. ഉന്നതിനിവാസികളുടെ പ്രശ്നങ്ങളും പരാതികളും കേൾക്കുകയും  ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു.

ഔദ്യോഗിക സന്ദർശനത്തിനായി  ജില്ലയിലെത്തിയ ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ അംഗം ജാതോതു ഹുസൈനെ പൂക്കോട് വെറ്റിനററി സർവകലാശാലയ്ക്ക് മുന്നിൽ ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫിസർ ജി പ്രമോദ്, സീനിയർ സൂപ്രണ്ട് ജംഷാദ് ചെമ്പൻതൊടിക, പൂക്കോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സൂര്യ പ്രതാപ് സിങ്, എൻ ഊര് സി.ഇ.ഒ പി പ്രിമൽ രാജ് എന്നിവർ  സ്വീകരിച്ചു. ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ഡയറക്ടർ ഡോ പി. കല്യാണ റെഡ്ഢി, പ്രൈവറ്റ് സെക്രട്ടറി അശോക് കുമാർ ലക്കർസു എന്നിവർ സംഘത്തിലുണ്ടായിരുന്നു. പൂക്കോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിലായിരുന്നു കമ്മീഷൻ അംഗത്തിന്റെ ആദ്യ സന്ദർശനം. ക്ലാസ് മുറികളും മറ്റ് സൗകര്യങ്ങളും പരിശോധിച്ചശേഷം വിദ്യാർത്ഥികളുമായും ജീവനക്കാരുമായും ആശയ വിനിമയം നടത്തി. സ്കൂളിന് ചുറ്റുമതിൽ, സ്റ്റാഫ് ക്വാർട്ടേഴ്സ്, ഓഡിറ്റോറിയം എന്നിവ നിർമിക്കുന്നതിനും ഡ്രെയിനേജ് പ്രശ്നം പരിഹരിക്കാനും ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.  എൻ ഊര് ഗോത്ര പൈതൃക ഗ്രാമം സന്ദർശിച്ചു.

എ.ഡി.എം കെ ദേവകിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സന്ദർശനത്തിൽ കമ്മീഷനെ അനുഗമിച്ചു. മനുഷ്യ-വന്യമൃഗ സംഘർഷ സാഹചര്യങ്ങളിൽ മനുഷ്യജീവന് പ്രാധാന്യം കൊടുത്തുള്ള സമീപനമാണ് സ്വീകരിക്കേണ്ടതെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു. പട്ടികവർഗ്ഗക്കാർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ സേവനം ഉപയോഗപ്പെടുത്താൻ തയ്യാറാവണമെന്നും വനം വകുപ്പിലെ ജോലികളിൽ പട്ടികവർഗ വിഭാഗക്കാരായ പ്രദേശവാസികൾക്ക് പ്രത്യേക പരിഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  കളക്ടറേറ്റിൽ ആദിവാസി നേതാക്കളുമായി  കമ്മീഷൻ അംഗം ചർച്ച നടത്തി. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ  ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിലും ജാതോതു ഹുസൈൻ പങ്കെടുത്തു.