ബാണാസുരസാഗർ ജലാശയത്തിൽ സ്വദേശ മത്സ്യങ്ങളുടെ കേജ് കൾച്ചർ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രദർശന പരിപാടി സംഘടിപ്പിച്ചു. ഐ.സി.എ.ആർ –ബംഗളൂരൂ ആസ്ഥാനമായ സെൻട്രൽ ഇൻലാൻഡ് ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ICAR-CIFRI), പ്രാദേശിക കേന്ദ്രം ബാണാസുരസാഗർ ജലാശയത്തിൽ Tribal Sub-Plan (TSP) പദ്ധതിയുടെ ഭാഗമായി സ്വദേശ മത്സ്യങ്ങളുടെ കേജ് കൾച്ചർ പ്രോത്സാഹിപ്പിക്കുന്ന പ്രദർശന പരിപാടി സംഘടിപ്പിച്ചത് .
സ്വദേശ മത്സ്യങ്ങളെയും കേജ് കൾച്ചറിനെയും ഉൾപ്പെടുത്തി മത്സ്യവർഗ്ഗ വൈവിധ്യം വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരെ ബോധവൽക്കരിക്കുക എന്നതായിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം.പരിപാടിയുടെ ഭാഗമായി സ്വദേശ മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ അക്വാകൾച്ചർ ഡെവലപ്മെന്റ് അതോറിറ്റി കേരള (ADAK) നൽകുന്ന കേജുകളിലേക്ക് വിടുകയും ചെയ്തു. ഈ മത്സ്യങ്ങളുടെ കേജ് കൾച്ചറിനായി മത്സ്യത്തൊഴിലാളികൾക്ക് തീറ്റയും വിതരണം ചെയ്തു.
പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. പ്രീത പണിക്കർ അധ്യക്ഷയായി. കേരളത്തിലെ സ്വദേശ മത്സ്യങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചു. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (KSEB)അസിസ്റ്റന്റ് എൻജിനീയർ അനിൽ ബാണാസുരസാഗറിൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട നിയമങ്ങൾ, മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ്ഗങ്ങൾ, അണക്കെട്ടിന്റെ സുരക്ഷയും വിനോദസഞ്ചാര വികസനവും സംബന്ധിച്ച് സംസാരിച്ചു.
സയന്റിസ്റ്റ് കേജ് കൾച്ചറുമായി ബന്ധപ്പെട്ട സാങ്കേതിക വിശദീകരണങ്ങൾ ഡോ. ജെസ്ന പി.കെ നൽകി. സാഗർ ദാസ്, കേജ് ടെക്നിക്കൽ മാനേജർ, നൗഫൽ, മത്സ്യബന്ധന പ്രമോട്ടർ, കേരള മത്സ്യവകുപ്പ്, എന്നിവർ പരിപാടിയിൽ പങ്കെടുത്തു. സന്ദീപ് കെ.എൻ. (സെക്രട്ടറി), മോഹൻദാസ് എ. കെ. (പ്രസിഡന്റ്) എന്നിവർ സഹകരണ സംഘത്തിന്റെ പ്രതിനിധികളായി സംബന്ധിച്ചു.
നിലവിൽ ഐകാറും സി.ഐ.എഫ്. ആർ.ഐയും ബാണാസുരസാഗർ ജലാശയത്തിലെ പരിസ്ഥിതിഗതിശാസ്ത്രവും മത്സ്യശ്രേണികളും സംബന്ധിച്ച പഠനം നടത്തുകയാണ്. ഇതിന്റെ ലക്ഷ്യം വ്യാപാര മൂല്യമുള്ള മത്സ്യങ്ങളുടെ സുസ്ഥിരതയും സ്വദേശ മത്സ്യങ്ങളുടെ സംരക്ഷണവുമാണ്. ടി.എസ്. പി. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷം ഈ കേജുകളിൽ കേരളത്തിന്റെ സംസ്ഥാന മത്സ്യമായ പാറൽ (Pearlspot / Etroplus suratensis) വിടുകയും ചെയ്തിരുന്നു. ബാണാസുരസാഗർ എസ്.ടി-എസ്.സി മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിലെ ഏകദേശം 50 മത്സ്യത്തൊഴിലാളികൾ ഈ പരിപാടിയിൽ പങ്കെടുത്തു.