താമരശ്ശേരി ചുരം നവീകരണ പ്രവർത്തികളുടെ ഭാഗമായി എട്ടാം വളവിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നതിനാൽ ഇന്ന് മുതൽ (ഡിസംബർ 5) ചുരത്തിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എൻജിനീയര്‍ അറിയിച്ചു. രാവിലെ ഏട്ട് മുതൽ വൈകിട്ട് ആറ് വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.
ചുരത്തിലൂടെ വരുന്ന മൾട്ടി ആക്സിൽ വാഹനങ്ങൾ, ഭാരവാഹനങ്ങൾ നാടുകാണി ചുരം, കുറ്റ്യാടി ചുരം വഴി പോകണമെന്ന് അധികൃതര്‍ അറിയിച്ചു.
മുറിച്ചിട്ട മരങ്ങൾ നാളെ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി കൊണ്ടുപോകും .
താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായാണ് 6, 7, 8 വളവുകൾ വീതി കൂട്ടുന്നത്. രണ്ടുവർഷം കൊണ്ടാണ് ജോലികൾ പൂർത്തിയാക്കുക ഇതിന്റെ ആദ്യപടിയാണ് മരങ്ങൾ മുറിച്ച് മാറ്റുന്നത് ആകെ 393 മരങ്ങളാണ് മുറിച്ചു നീക്കാൻ ഉള്ളത്.
എട്ടാം വളവിൽ നിന്നാണ് കൂടുതൽ മരങ്ങൾ തുടക്കത്തിൽ മുറിച്ചിട്ടുള്ളത്. മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി കൊണ്ടു പോകും. നാളെ രാവിലെ എട്ടുമണിക്കാണ് ലോറിയും ക്രെയിനും എത്തുക. അതേസമയം ഗതാഗതം തടയില്ല. ഒരു വരിയിൽ ഗതാഗതത്തിന് തടസ്സമുണ്ടാകില്ല . നിയന്ത്രണം ഉളളതിനാൽ വാഹന യാത്രക്കാർ സഹകരിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.
ഇന്നലെയും കഴിഞ്ഞ ദിവസങ്ങളിലും മരം മുറിക്കുന്ന സമയങ്ങളിൽ ചുരത്തിൽ ഗതാഗത പ്രശ്നങ്ങളുണ്ടായിരുന്നു. കൂടാതെ യന്ത്ര തകരാർ കാരണവും വാഹനങ്ങൾ കുടുങ്ങുന്നത് പതിവാണ്. മരങ്ങൾ മുറിച്ചുമാറ്റി വീതി കൂട്ടിയാൽ ഒരു പരിധി വരെ താമരശ്ശേരി ചുരത്തിലെ ഗതാഗത പ്രശ്നത്തിന് പരിഹാരമാവും. അതേ സമയം ചുരത്തിന് ഒരു ബൈപ്പാസ് വേണമെന്ന് ആവശ്യവും നിലനിൽക്കുന്നുണ്ട്.