സര്‍ക്കാരിന്റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തില്‍ വിമര്‍ശനവുമായി എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ നജാഫ്. കേന്ദ്രസര്‍ക്കാരിന്റെയും ഐക്യരാഷ്ട്രസഭയുടെയും മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്ന് നജാഫ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ഇഎംഎസ് മുതല്‍ ഉമ്മന്‍ചാണ്ടി വരെ കേരളം ഭരിച്ചവരുടെ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. ഒറ്റവെട്ടിന് സഖാവ് പിണറായി ദരിദ്ര്യം മാറ്റിയെന്ന് വിശ്വസിക്കുന്നവരുടെ പേരാണ് സഖാക്കള്‍ എന്നും നജാഫ് പറഞ്ഞു.
കേരളപ്പിറവി ദിനമായ ഇന്നലെയായിരുന്നു കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്.
നജാഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ചെരിപ്പിനൊപ്പിച്ച് കാല് മുറിച്ചു!
ഒറ്റ വലിയ വരയിട്ട്
മറ്റുവരകളെ ചെറുതാക്കുന്ന
മായാജാലം.
കേന്ദ്രസര്‍ക്കാരിന്റെയും
ഐക്യരാഷ്ട്രസഭയുടെയും
മാനദണ്ഡങ്ങള്‍ക്ക് മീതെ
പിണറായി വിജയന്‍ വരച്ച
വരയില്‍ നമ്മളെല്ലാം ദരിദ്ര്യത്തിന്
പുറത്തായി!
ആഘോഷിപ്പിന്‍!
പട്ടിണിക്കാരായ മനുഷ്യരെ,
ആഘോഷിപ്പിന്‍!
മരുന്നില്ലാത്തതിനാല്‍ ചികിത്സ മുടങ്ങിയവരെ,
ആഘോഷിപ്പിന്‍ നിങ്ങള്‍
അതിദരിദ്രരല്ലാതായിരിക്കുന്നു!
അനാഥരെ, കൂരയില്ലാത്തവരെ!
ആകാശം നോക്കി കിടക്കാതെ
ആഘോഷിപ്പിന്‍ ഇനിയിവിടെ
ദാരിദ്ര്യമില്ല !
റേഷനരിവാങ്ങി അരപ്പട്ടിണി
കിടക്കുന്ന ഊരുതെണ്ടികളെ
മേല്‍വിലാസമില്ലാതെ
ദരിദ്രരാകാന്‍ പോലും യോഗ്യതയില്ലാത്തവരെ
നിങ്ങളെ ഒറ്റരാത്രികൊണ്ട് പിണറായി തമ്പുരാന്‍
പട്ടിണിയില്‍ നിന്ന് മോചിപ്പിച്ചിരിക്കുന്നു.
'അവന്‍ അത്ഭുതം പ്രവര്‍ത്തിച്ചു-
കര്‍ത്താവ് അഞ്ചപ്പം കൊണ്ട്
അയ്യായിരം പേരെ ഊട്ടിയ പോലെ
അഞ്ചു പൈസ ചെലവില്ലാതെ
അവന്‍ പട്ടിണി പൂര്‍ണമായും
എഴുതി തള്ളിയിരിക്കുന്നു!
സഖാവ് ഇഎംഎസ് മുതല്‍
ബഹുമാനപ്പെട്ട ഉമ്മന്‍ചാണ്ടി വരെ
കേരളം ഭരിച്ചവരുടെ ശ്രമങ്ങളൊന്നും
ഫലം കണ്ടില്ലെന്നും
ഒറ്റവെട്ടിന് സഖാവ്
പിണറായി ദരിദ്ര്യം
മാറ്റിയെന്നും വിശ്വസിക്കുന്നവരുടെ
പേരാണ് സഖാക്കള്‍ !