+

ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം ഒരുമിച്ച് പോരാടുകയും മരിക്കുകയും ചെയ്തു, പ്രതിസന്ധികളിലെല്ലാം നിങ്ങള്‍ക്കൊപ്പം നിന്നു ; അമേരിക്കയോട് ജസ്റ്റിന്‍ ട്രൂഡോ

ട്രംപ് ഭരണകൂടം ചുമത്തിയ നികുതിയ്ക്ക് പകരമായി 15500 കോടി കനേഡിയന്‍ ഡോളര്‍ മൂല്യം വരുന്ന യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം അധിക നികുതി ചുമത്തിയിരിക്കുകയാണ് കാനഡ.

ഇറക്കുമതി തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് പിന്നാലെ പ്രതികരിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. പ്രതിസന്ധികളില്ലെല്ലാം കാനഡ അമേരിക്കയ്ക്കൊപ്പം നിന്നിട്ടുള്ളതാണെന്ന കാര്യം ഓര്‍ക്കണമെന്നും അമേരിക്കയെ സുവര്‍ണ കാലഘട്ടത്തിലേക്ക് നയിക്കാനുള്ള മികച്ച വഴി കാനഡയുമായുള്ള പങ്കാളിത്തമാണെന്നും ട്രൂഡോ പറഞ്ഞു.

കാനഡക്കാരോട് യുഎസ് കാണിച്ചത് വഞ്ചനയാണ്. അഫ്ഗാനിസ്താനില്‍ യുഎസിനൊപ്പം കനേഡിയന്‍ സൈന്യം പോരാട്ടത്തിനിറങ്ങി. കാലിഫോര്‍ണിയയിലെ കാട്ടുതീ മുതല്‍ കത്രീന ചുഴലിക്കാറ്റുവരെയുള്ള പ്രതിസന്ധികളിലെല്ലാം കാനഡ യുഎസിനൊപ്പം നിന്നു. അത് അമേരിക്കക്കാര്‍ ഓര്‍ക്കണം. നോര്‍മാന്‍ഡി ബിച്ചില്‍ നിന്ന് കൊറിയവരെ, കാണ്ഡഹാര്‍ തെരുവുകള്‍ വരെ ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം ഒരുമിച്ച് പോരാടുകയും മരിക്കുകയും ചെയ്തു, ട്രൂഡോ പറഞ്ഞു.
ഡൊണാള്‍ഡ് ട്രംപിന് അമേരിക്കയെ പുതിയൊരു സുവര്‍ണ കാലഘട്ടത്തിലേക്ക് നയിക്കണമെന്നുണ്ടെങ്കില്‍ അതിന് പറ്റിയ മികച്ച വഴി കാനഡയുമായുള്ള പങ്കാളിത്തമാണെന്നും അല്ലാതെ തങ്ങളെ ശിക്ഷിക്കലല്ലെന്നും ട്രൂഡോ പറഞ്ഞു. ദൗര്‍ഭാഗ്യമെന്നോണം വൈറ്റ് ഹൗസ് നടപടികള്‍ ഓര്‍മ്മിപ്പിക്കുന്നതിന് പകരം ഭിന്നിപ്പിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ട്രംപ് ഭരണകൂടം ചുമത്തിയ നികുതിയ്ക്ക് പകരമായി 15500 കോടി കനേഡിയന്‍ ഡോളര്‍ മൂല്യം വരുന്ന യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം അധിക നികുതി ചുമത്തിയിരിക്കുകയാണ് കാനഡ. ഇതില്‍ മൂവായിരം കോടി കനേഡിയന്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ക്കുള്ള നികുതി ചൊവ്വാഴ്ച നിലവില്‍ വരും. 12500 കോടി കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 21 ദിവസത്തിന് ശേഷമാകും നികുതി ചുമത്തുക.
 

Trending :
facebook twitter