+

'ആള്‍ക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നത് എന്താണോ അതാണ് സെന്‍സര്‍ഷിപ്പ് കലയോട് ചെയ്യുന്നത്', ജെഎസ്‌കെ വിവാദത്തില്‍ പ്രതികരണവുമായി മുരളി ഗോപി

അമേരിക്കന്‍ സാഹിത്യകാരന്‍ ഹെന്റി ലൂയിസ് ഗേറ്റ്‌സിന്റെ വാചകങ്ങളാണ് താരം ഫേസ്ബുക്കില്‍ പങ്കുവച്ചത്.

ജെഎസ്‌കെ സിനിമയുമായി ബന്ധപ്പെട്ട സെന്‍സര്‍ഷിപ്പ് വിവാദത്തില്‍ പ്രതികരിച്ച് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. സുരേഷ് ഗോപി നായകനായ ചിത്രത്തിന്റെ പേര് മാറ്റാന്‍ അണിയറക്കാര്‍ നിര്‍ബന്ധിതരായ സാഹചര്യത്തിലാണ് മുരളി ഗോപിയുടെ പോസ്റ്റ്. 'ആള്‍ക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നത് സെന്‍സര്‍ഷിപ്പ് കലയോട് ചെയ്യുന്നുവെന്ന്' അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. അമേരിക്കന്‍ സാഹിത്യകാരന്‍ ഹെന്റി ലൂയിസ് ഗേറ്റ്‌സിന്റെ വാചകങ്ങളാണ് താരം ഫേസ്ബുക്കില്‍ പങ്കുവച്ചത്.

നിരവധി പേരാണ് മുരളി ഗോപിയുടെ പോസ്റ്റിനെ അനുകൂലിച്ചുകൊണ്ട് ലൈക്കും കമന്റുമിട്ട് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയില്‍ പറഞ്ഞ പേരുമാറ്റാനുളള നിര്‍ദേശം ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ നിര്‍മ്മാതാക്കള്‍ അംഗീകരിച്ചത്. ഇതുപ്രകാരം ജാനകി എന്ന പേര് ജാനകി വി എന്നാക്കി മാറ്റുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. ഇതിനൊപ്പം തന്നെ സിനിമയിലെ ചില ഭാഗങ്ങളിലെ സംഭാഷണം മ്യൂട്ട് ചെയ്യാനുളള നിര്‍ദേശവും അണിയറക്കാര്‍ അംഗീകരിച്ചു.

ജാനകി എന്ന പേര് രാമായണത്തിലെ സീതയുടേതാണെന്നും ഇത് മതവികാരം വ്രണപ്പെടുത്തുമെന്നുളള വിചിത്രവാദം പറഞ്ഞാണ് നേരത്തെ സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്നത്. തുടര്‍ന്ന് സുരേഷ് ഗോപി ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

facebook twitter