പുതിയ ജനറല്‍ സെക്രട്ടറിയെ നിശ്ചയിച്ച് സിപിഎം ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും. ജനറല്‍ സെക്രട്ടറിയായി എംഎ ബേബിയുടെ പേരാണ് ഇന്നലെ ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പ്രകാശ് കാരാട്ട് നിര്‍ദ്ദേശിച്ചത്. കാരാട്ടിന്റെ നിര്‍ദേശത്തിന് പിന്നാലെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എംഎ ബേബിയുടെ പേര് കേന്ദ്ര കമ്മിറ്റിയില്‍ നിര്‍ദേശിക്കാന്‍ പിബിയില്‍ ഭൂരിപക്ഷ ധാരണയായി. അശോക് ധാവ്ലയെ ആണ് സിപിഎം ബംഗാള്‍ ഘടകം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.
എന്നാല്‍, ഈ നിര്‍ദേശം കേരളം തള്ളി. ധാവ്ലയെ അംഗീകരിക്കാനാകില്ലെന്ന് കേരള ഘടകം പിബിയില്‍ വ്യക്തമാക്കി. എന്നാല്‍, മുഹമ്മദ് സലീമിന്റെ പേരാണ് ധാവ്ലെ നിര്‍ദേശിച്ചത്. ജനറല്‍ സെക്രട്ടറിയാകാനില്ലെന്നാണ് സലീം മറുപടി നല്‍കിയത്. ഇന്ന് കേന്ദ്ര കമ്മിറ്റി യോഗത്തിലും ജനറല്‍ സെക്രട്ടറിയാരാകുമെന്നതില്‍ ബംഗാള്‍ ഘടകവും കേരള ഘടകവും തമ്മില്‍ തര്‍ക്കമുണ്ടായേക്കും.
അതേസമയം, കെകെ ഷൈലജ പിബിയില്‍ എത്തില്ലെന്നുറപ്പായി. മറിയം ധാവ്ലെ, യു വാസുകി എന്നിവര്‍ പിബിയിലെത്തും. വിജു കൃഷ്ണന്, അരുണ്‍ കുമാര്‍, ശ്രീദീപ് ഭട്ടാചാര്യ, ജിതേന്ദ്ര ചൗധരി എന്നിവരും പിബിയിലെത്തും. പികെ ശ്രീമതിക്ക് പ്രായപരിധിയില്‍ ഇളവിന് ശുപാര്‍ശ നല്‍കാനും തീരുമാനമായി. ജനാധിപത്യ മഹിള അസോസിയേഷന് ഭാരവാഹിയെന്ന നിലയിലാണ് ഇളവിന് ശുപാര്‍ശ നല്‍കുന്നത്. പ്രകാശ് കാരാട്ട, വൃന്ദ കാരാട്ട്, മണിക് സര്‍ക്കാര്‍ എന്നിവര്‍ കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളായിരിക്കും.
അതേസമയം. പ്രകാശ് കാരാട്ട് അടക്കം ആറു പേര് പിബിയില്‍ നിന്ന് ഒഴിയും. പ്രകാശ് കാരാട്ട്. വൃന്ദ കാരാട്ട്, മണിക്ക് സര്‍ക്കാര്‍, സുഭാഷിണി അലി എന്നിവരെ സിസിയിലെ പ്രത്യേക ക്ഷണിതാക്കളാക്കും. പാര്‍ട്ടി കോണ്‍ഗ്രസ് സമാപനത്തിന്റെ ഭാഗമായി റെഡ് വോളന്റിയര്‍ മാര്‍ച്ചും പൊതുസമ്മേളനവും വൈകിട്ട് മധുരയില്‍ നടക്കും.