+

36000 രൂപ മാസ ശമ്പളമുള്ള ഭാര്യക്ക് എന്തിന് 5000 രൂപ ജീവനാംശം ? ; ജീവനാംശം ലഭിക്കാൻ അർഹതയില്ലെന്ന് അലഹബാദ് ഹൈക്കോടതി

36000 രൂപ മാസ ശമ്പളമുള്ള ഭാര്യക്ക് എന്തിന് 5000 രൂപ ജീവനാംശം ? ; ജീവനാംശം ലഭിക്കാൻ അർഹതയില്ലെന്ന് അലഹബാദ് ഹൈക്കോടതി

അലഹബാദ്: സ്വയം ചെലവുകൾ വഹിക്കാൻ തക്ക വിധം മതിയായ ശമ്പളമുള്ള ഭാര്യക്ക് ജീവനാംശം ലഭിക്കാൻ അർഹതയില്ലെന്ന് അലഹബാദ് ഹൈക്കോടതി. പ്രതിമാസം 36,000 രൂപ വരുമാനമുള്ള ഭാര്യക്ക്, വരുമാനത്തിലും പദവിയിലും തുല്യത നിലനിർത്താൻ ഭർത്താവ് 5,000 രൂപ ജീവനാംശം നൽകണമെന്ന് നിർദ്ദേശിച്ച ഫാമിലി കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

അങ്കിത് സാഹ എന്ന ഉത്തർപ്രദേശ് സ്വദേശിയുടെ ഹർജിയിലാണ് അലഹബാദ് ഹൈക്കോടതിയുടെ വിധി. വിവാഹ ബന്ധം വേർപെടുത്തിയ ഇവർ തമ്മിൽ ജീവനാംശത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കോടതിയിൽ എത്തിയത്. സ്വകാര്യ സ്ഥാപനത്തിൽ സീനിയർ സെയിൽസ് കോർഡിനേറ്ററായി ജോലി ചെയ്യുന്ന യുവതി ബിരുദാനന്തര ബിരുദധാരിയാണെന്ന് കോടതി കണ്ടെത്തി. നിരക്ഷരയും തൊഴിൽരഹിതയുമാണെന്ന് തെറ്റായി അവകാശപ്പെട്ട യുവതിയുടെ വാദം കള്ളമെന്ന് വ്യക്തമായതോടെയാണ് കോടതിയുടെ ഉത്തരവ്.

ജീവനാംശം നൽകേണ്ടത് സ്വന്തം വരുമാനം കൊണ്ട് ജീവിക്കാൻ കഴിയാത്ത ഭാര്യമാർക്കാണെന്നും, മറ്റ് ബാധ്യതകളില്ലാത്ത ഭാര്യക്ക് 36,000 രൂപ തുച്ഛമായ തുകയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തനിക്ക് പ്രതിമാസം 36,000 രൂപ വരുമാനമുണ്ടെന്ന് ഭാര്യ ഹൈക്കോടതിയിൽ സമ്മതിച്ചു. ഭർത്താവിന് പ്രായമായ മാതാപിതാക്കളെ പരിപാലിക്കേണ്ടതുണ്ടെന്ന് കൂടി പരിഗണിച്ചാണ് വിധി.

facebook twitter