മഹാരാഷ്ട്രയില്‍ വനിതാ ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഐടി ജീവനക്കാരനായ പ്രശാന്ത് ബാങ്കറും പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ഗോപാല്‍ ബദാനെയും പിടിയിലായതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി പ്രതിയുടെ കുടുംബം. എസ് ഐ തന്നെ ലൈംഗീകമായി പീഡിപ്പിച്ചെന്നും അഞ്ചുമാസമായി ശാരീരിക മാനസിക പീഡനം തുടരുകയാണെന്നും കൈവെള്ളയിലെഴുതിവച്ചാണ് ഡോക്ടര്‍ ജീവനൊടുക്കിയത്.
വനിതാ ഡോക്ടര്‍ താമസിച്ചിരുന്ന വീടിന്റെ ഉടമയുടെ മകനാണ് പ്രശാന്ത്. ഇയാള്‍ക്കെതിരെയും മരിച്ച ഡോക്ടര്‍ മാനസിക പീഡനം ആരോപിച്ചിരുന്നു. അങ്ങനെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
എന്നാല്‍ പ്രശാന്ത് നിരപരാധിയാണെന്നും മരിച്ച വനിതാ ഡോക്ടറാണ് പ്രശാന്തിന് പിന്നാലെ നടന്നിരുന്നുതെന്നുമാണ് കുടുംബത്തിന്റെ ആരോപണം. ഒക്ടോബറില്‍ ഡോക്ടര്‍ തന്റെ സഹോദരന് മെസേജ് അയച്ച് വിവാഹാഭ്യര്‍ത്ഥന നടത്തിയെന്നും എന്നാല്‍ മൂത്ത സഹോദരിയെപ്പോലെയാണ് താന്‍ അവളെ കാണുന്നതെന്നും പറഞ്ഞ് പ്രശാന്ത് ഒഴിഞ്ഞുമാറിയെന്നുമാണ് ബങ്കാറിന്റെ സഹോദരി പറയുന്നത്.
ആ ദേഷ്യത്തിലാണ് അവര്‍ ആത്മഹത്യ കുറിപ്പില്‍ പ്രശാന്തിനെ പരാമര്‍ശിച്ചതെന്നാണ് സഹോദരിയുടെ വാദം. പ്രശാന്തിന് ഡെങ്കിപ്പനി വന്ന് ചികിത്സയ്ക്കെത്തിയപ്പോഴാണ് 29കാരിയായ ഡോക്ടറും സഹോദരനും തമ്മില്‍ വളരെ അടുപ്പത്തിലായതെന്നും അവര്‍ പറഞ്ഞു. ആത്മഹത്യ ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് അവള്‍ പ്രശാന്തിനെ നിരാശയോടെ ഫോണ്‍ വിളിച്ചിരുന്നു. ഡോക്ടറുടെ എല്ലാ കോളുകളുടേയും സന്ദേശങ്ങളുടേയും സ്‌ക്രീന്‍ഷോട്ടുകള്‍ ഞങ്ങള്‍ പൊലീസിന് കൈമാറി, സത്യം ഉടന്‍ പുറത്തുവരും, അവര്‍ പറഞ്ഞു.
വിവാഹം കഴിക്കാന്‍ വനിതാ ഡോക്ടര്‍ പലവട്ടം നിര്‍ബന്ധിച്ചിരുന്നുവെന്ന് പ്രശാന്തും മൊഴി നല്‍കി. വനിതാ ഡോക്ടര്‍ ശാരീരിക ബന്ധത്തിനും നിര്‍ബന്ധിച്ചിരുന്നതായും യുവാവ് പറയുന്നു. യുവാവിന്റെയും ഡോക്ടറുടേയും ചാറ്റ് ശേഖരിച്ചതായും പൊലീസ് അറിയിച്ചു. ഫല്‍ത്താനിലെ ആരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസറായിരുന്ന 26 കാരിയാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്.