ബംഗളൂരു: നോർത്ത് ബംഗളൂരുവില്‍ 25 വയസുകാരിയെ വാടകവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലായിരുന്നു.സുബ്രഹ്മണ്യൻ നഗർ പൊലീസ് സ്റ്റേഷൻ പരിധിയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. എംബിഎ ബിരുദധാരിയായ യുവതി നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. കർണാടകയിലെ ദാവൻഗരെ സ്വദേശിയായ ഇവർ വാടകവീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം.
വിഷാദ രോഗത്തിന് അടിമയായ യുവതി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ഒന്നര വർഷമായി യുവതി നഗരത്തില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നെന്നും അവരുടെ കുടുംബം ദാവൻഗെരെയിലാണെന്നും പൊലീസ് പറയുന്നു.
ദിവസങ്ങളോളം യുവതിയെ ഫോണില്‍ ലഭിക്കാതെ വന്നതോടെ കുടുംബം വീട്ടുടമസ്ഥനെ ബന്ധപ്പെട്ടു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. വാതില്‍ അകത്ത് നിന്ന് പൂട്ടിയിരിക്കുന്നത് കണ്ടതോടെ തള്ളിത്തുറക്കുകയായിരുന്നു. യുവതിയുടെ മൊബൈല്‍ ഫോണ്‍ കൂടുതല്‍ ഫോറൻസിക് പരിശോധനകള്‍ക്കായി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.