പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികപീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെ ചാട്ട കൊണ്ടടിച്ച് യുവതി. ഉത്തർപ്രദേശിലെ അമേഠിയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.ഹസീബ് എന്ന മദ്രസ അധ്യാപകനെയാണ് യുവതി ചാട്ടവാറിന് അടിച്ചത്.ജാമോ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. ഇതിനിടെ 11 തവണ യുവതി മദ്രസ അധ്യാപകനെ ചാട്ട ഉപയോഗിച്ച് അടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. കൈകള്‍ കൂപ്പി തന്നെ തല്ലരുതെന്ന് മദ്രസ അധ്യാപകൻ യുവതിയോട് അപേക്ഷിക്കുന്നുണ്ട്.
യുവതി അധ്യാപകനെ അസഭ്യം പറയുന്നതും വീഡിയോയിലുണ്ട്. '15 വയസുള്ള ഒരു പെണ്‍കുട്ടിയെ നിങ്ങള്‍ വായില്‍ തുണി തിരുകി ബലാത്സംഗം ചെയ്തു. എന്റെ പക്കല്‍ തെളിവുണ്ട്. നിങ്ങളുടെ കുറ്റം ഏറ്റുപറയുക, അല്ലെങ്കില്‍ ഞാൻ നിങ്ങളെ കൊല്ലും'- എന്നും യുവതി പറയുന്നു.
ഹസീബ് യുവതിയുടെ ആരോപണം നിഷേധിച്ചു, 'ഒരു തെറ്റുംചെയ്യാത്ത എന്നെ നിങ്ങള്‍ തല്ലുകയാണ്. ഞാൻ തെറ്റുകാരനല്ല, ഓ അള്ളാ' എന്ന് കരഞ്ഞുകൊണ്ട് പറയുന്നു. യുവതിക്കൊപ്പമെത്തിയ മറ്റൊരു സ്ത്രീയാണ് വീഡിയോ പകർത്തിയത്.