വിമൻസ് അണ്ടർ 19 ഏകദിനം : കേരളത്തിനെതിരെ വിജയവുമായി ഹരിയാന

03:03 PM Jan 08, 2025 | AVANI MV

നാഗ്പൂർ : വിമൻസ് അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ കേരളത്തെ തോല്പിച്ച് ഹരിയാന. എട്ട് വിക്കറ്റിനായിരുന്നു ഹരിയാനയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ ആറ് വിക്കറ്റിന് 195 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാന രണ്ട് വിക്കറ്റ് നഷ്ടത്തിൽ 36ആം ഓവറിൽ ലക്ഷ്യത്തിലെത്തി. 

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടത് തിരിച്ചടിയായി. മധ്യനിര കരുതലോടെ ബാറ്റ് വീശിയെങ്കിലും സ്കോറിങ്ങിൻ്റെ വേഗം കൂട്ടാനായില്ല.അവസാന ഓവറുകളിൽ ഇസബെലും നിയ നസ്നീനും ചേർന്നുള്ള കൂട്ടുകെട്ടാണ് കേരളത്തിൻ്റെ സ്കോർ 195 വരെ എത്തിച്ചത്. ഇസബെൽ 64 പന്തുകളിൽ നിന്ന് 50 റൺസുമായി പുറത്താകാതെ നിന്നു. നിയ നസ്നീൻ 30ഉം വിസ്മയ ഇ ബി 35ഉം ശ്രേയ സിജു 30ഉം റൺസ് നേടി. 

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാനയ്ക്ക് അൻപത് തികയും മുൻപെ രണ്ട് വിക്കറ്റ് നഷ്ടമായി. എന്നാൽ ദീയ യാദവും ക്യാപ്റ്റൻ ത്രിവേണി വസിഷ്ഠും ചേർന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് അനായാസ വിജയം സമ്മാനിച്ചു. ദീയ യാദവ് 89 പന്തുകളിൽ 99 റൺസുമായി പുറത്താകാതെ നിന്നു. ത്രിവേണി വസിഷ്ഠ് 51 പന്തുകളിൽ നിന്ന് പുറത്താകാതെ 53 റൺസെടുത്തു.കേരളത്തിന് വേണ്ടി നിവേദ്യമോൾ , നിയ നസ്നീൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.