ഈ അവസ്ഥകളിലൂടെയാണ് നിങ്ങൾ കടന്നുപോകുന്നതെങ്കിൽ വർക്കൗട്ട് ചെയ്യാൻ പാടുള്ളതല്ല. ശ്രദ്ധിക്കേണ്ട സാഹചര്യങ്ങൾ ഇതാ..
തലവേദന
പല കാരണങ്ങൾ കൊണ്ട് തലവേദന അനുഭവപ്പെടാം. നിർജ്ജലീകരണമായിരിക്കാം അതിലൊന്ന്. അതുമല്ലെങ്കിൽ ബിപി ഉയരുമ്പോഴും തലവേദന അനുഭവപ്പെടാം. ചില ഗുരുതര ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണവുമാകാം തലവേദന. അതിനാൽ തലവേദന അനുഭവപ്പെടുമ്പോൾ അത് ഭേദമാകുന്നതുവരെ വർക്കൗട്ട് ചെയ്യാതിരിക്കുന്നതാണ് നല്ലത്. തലവേദനയുടെ കാരണം കണ്ടെത്തി സുഖപ്പെടുത്തിയതിന് ശേഷം വർക്കൗട്ട് ആകാം.
പരിക്ക്
ശരീരത്തിന് പരിക്കേറ്റാൽ പൊതുവെ ആരും വ്യായാമം ചെയ്യാറില്ല. എന്നാൽ കാലിനാണ് പരിക്കേറ്റതെങ്കിൽ ചിലർ ശരീരത്തിന്റെ മുകൾഭാഗത്തിന് (Upper Body) വേണ്ട വർക്കൗട്ടുകൾ ചെയ്യാറുണ്ട്. ഇത് പാടില്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. പരിക്ക് സംഭവിച്ചാൽ പൂർണമായും ഭേദമാകുന്നതുവരെ ജിമ്മിൽ വർക്കൗട്ട് ചെയ്യാതിരിക്കുക. ഇത് പരിക്ക് എത്രയും വേഗം സുഖപ്പെടാനും സഹായിക്കും.
ജലദോഷം, ചുമ, പനി
ജലദോഷമുണ്ടെങ്കിൽ പോലും വർക്കൗട്ട് മുടക്കാത്ത പലരുമുണ്ട്. എന്നാൽ ആരോഗ്യത്തിന് ഇത് നല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്. കാരണം നിങ്ങളുടെ ശരീരം ഒരു അണുബാധയോട് പോരാടുന്ന സമയമാണത്. ആ ഘട്ടത്തിൽ വർക്കൗട്ട് ചെയ്യുമ്പോൾ നിങ്ങളുടെ ഊർജം വിഭജിക്കപ്പെടും. വർക്കൗട്ട് ചെയ്യാതെ വിശ്രമിക്കുകയാണെങ്കിൽ അഞ്ച് ദിവസം കൊണ്ട് മാറുന്ന ജലദോഷം ചിലപ്പോൾ മൂന്ന് ദിവസം കൊണ്ട് ഭേദമാകും. പനി, ക്ഷീണം, പേശീവേദന എന്നിവയുണ്ടെങ്കിലും വിശ്രമിക്കേണ്ടതാണ്.
ഉറക്കമില്ലായ്മ
ആവശ്യത്തിന് ഉറക്കം ലഭിച്ചിട്ടില്ലെങ്കിൽ വർക്കൗട്ട് ഒഴിവാക്കുക. കാരണം ഉറക്കം കുറയുമ്പോൾ ശരീരം ദുർബലമായിരിക്കും. ഓർക്കാനും പ്രതികരിക്കാനുമുള്ള ശരീരത്തിന്റെ ശേഷി കുറയും. ഇത്തരം സാഹചര്യങ്ങളിൽ ജിമ്മിൽ പോയി വർക്കൗട്ട് ചെയ്യുന്നത് ഒരുപക്ഷെ പരിക്കേൽക്കാൻ ഇടയാകും. അതിനാൽ ഉറക്കമില്ലായ്മ അലട്ടുമ്പോൾ വർക്കൗട്ട് ഒഴിവാക്കുക.
മദ്യപാനം
മദ്യപിച്ചിരിക്കുമ്പോൾ ഒരുകാരണവശാലും വർക്കൗട്ട് ചെയ്യരുത്. പരിക്കേൽക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ശരീരത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നതിനാലാണിത്. ശരീരത്തിലെ ജലാംശം ആൽക്കഹോൾ വലിച്ചെടുക്കുന്നതിനാൽ ഈ സമയത്ത് ജിമ്മിൽ പോയുള്ള വർക്കൗട്ട് പൂർണമായും ഒഴിവാക്കുക.