ലോക മാസ്റ്റേഴ്‌സ് ഏഷ്യ ഹോക്കി: സൗമ്യ ശരത് ഇന്ത്യയ്ക്ക് അഭിമാനം

10:30 AM Dec 17, 2025 | AVANI MV

പാലക്കാട്: ലോക മാസ്റ്റേഴ്‌സ് ഏഷ്യ കോണ്ടിനെന്റ് ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ പാലക്കാട് ആലത്തൂര്‍ കാവശേരിയുടെ അഭിമാനമായി സൗമ്യ ശരത്. ചൈനയിലെ ഹോങ്കോങ്ങില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ ഇന്ത്യയാണ് വിജയിച്ചത്. വനിതാ ടീമില്‍ ഉള്‍പ്പെട്ട രണ്ട് മലയാളി താരങ്ങളില്‍ ഒരാളാണ് കാവശേരി വക്കീല്‍പ്പടി മണി, സരസ്വതി ദമ്പതികളുടെ രണ്ടാമത്തെ മകളായ സൗമ്യ ശരത്.

15 വര്‍ഷം മുമ്പ് കൊല്ലം സായി താരമായിരുന്നു. 2011ല്‍ വിവാഹത്തിനു ശേഷം നാല് വര്‍ഷം മത്സരങ്ങളില്‍ വിട്ടു നിന്നു. പിന്നീട് 2015 ല്‍ സേലത്ത് വെച്ച് നടന്ന ദേശീയ ഗെയിംസില്‍ പങ്കെടുത്താണ് തിരിച്ചു വരവ് നടത്തിയത്. 2025ല്‍ ചെന്നൈയില്‍ വെച്ച് നടന്ന മാസ്റ്റേഴ്‌സ് നാഷണലില്‍ മെഡല്‍ നേടി ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഈ ടീമില്‍ പന്തലാംപാടം സ്വദേശി വിനീതയും ഇടം നേടി.

കാവശേരി കെ.സി.പി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ് ഹോക്കി പരിശീലനത്തിന്റെ തുടക്കം. പ്രമോദ് ആയിരുന്നു കോച്ച്. ഇപ്പോള്‍ തിരുവനന്തപുരത്താണ് താമസം. സൈനികനായ ഭര്‍ത്താവ് ശരത് ഹോക്കി താരം കൂടിയാണ്. എട്ടാം ക്ലാസില്‍ പഠിക്കുന്ന ശിവാനിയും രണ്ടാം ക്ലാസില്‍ പഠിക്കുന്ന ശിവാംഗുമാണ് മക്കള്‍.