
ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് യാത്രാമൊഴിയേകാന്‍ ലോകം. ഇന്ത്യന്‍ സമയം ഒന്നരയോടെ വത്തിക്കാനില്‍ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക. ഏകദേശം രണ്ടുലക്ഷത്തിലധികം പേര്‍ ചടങ്ങുകള്‍ക്ക് സെന്റ് പീറ്റേഴ്സില്‍ എത്തുമെന്നാണ് കരുതുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുളള ലോകനേതാക്കള്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍ വത്തിക്കാനിലെത്തിയിരുന്നു.
ഏപ്രില്‍ 21-നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കാലംചെയ്തത്. പക്ഷാഘാതവും ഹൃദയസ്തംഭനവുമാണ് മരണകാരണമെന്നാണ് വത്തിക്കാന്‍ അറിയിച്ചത്. തനിക്ക് അന്ത്യവിശ്രമം ഒരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലായിരിക്കണമെന്നും പൗളിന്‍ ചാപ്പലിനും ഫോര്‍സ ചാപ്പലിനും നടുവിലായി ശവകുടീരമൊരുക്കണമെന്നും മാര്‍പാപ്പ മരണപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. ശവകുടീരത്തില്‍ സവിശേഷമായ അലങ്കാരങ്ങളൊന്നും പാടില്ലെന്നും തന്റെ പേര് ലാറ്റിന്‍ ഭാഷയില്‍ ഫ്രാന്‍സിസ് എന്നുമാത്രം എഴുതിയാല്‍ മതിയെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്ന് 2013 മാര്‍ച്ച് 19 ന് ആണ് ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്കാസഭയുടെ 266-ാമത് പോപ്പ് ആയി സ്ഥാനമേറ്റത്. ജോര്‍ജ് മാരിയോ ബര്‍ഗോളിയോ എന്നതാണ് യഥാര്‍ത്ഥ പേര്. വിശുദ്ധ ഫ്രാന്‍സീസ് അസീസിയോടുള്ള ബഹുമാനാര്‍ത്ഥം 'ഫ്രാന്‍സിസ്' എന്ന പേര് സ്വീകരിക്കുകയായിരുന്നു. പോപ്പായി തിരഞ്ഞെടുക്കുന്നതിന് മുമ്പ് ബ്യൂണസ് അയേഴ്‌സ് രൂപതയുടെ തലവനായിരുന്നു അദ്ദേഹം. ലാറ്റിനമേരിക്കയില്‍ നിന്നും പോപ്പായ ആദ്യത്തെ വ്യക്തി കൂടിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ.