+

ദൈവത്തിന്റെ ശത്രുക്കള്‍ക്കെതിരെ ലോക മുസ്ലിങ്ങള്‍ ഒരുമിക്കണം: ഇറാന്റെ ഫത്വ

മുസ്ലിങ്ങള്‍ക്ക് കടമ നിര്‍വഹിക്കാനുളള പോരാട്ടത്തിനിടയില്‍ എന്തെങ്കിലും കഷ്ടപ്പാടുകളോ നഷ്ടങ്ങളോ ഉണ്ടാവുകയാണെങ്കില്‍ ദൈവമാര്‍ഗത്തില്‍ പോരാടിയതിനുളള ഫലം അവര്‍ക്ക് ലഭിക്കുമെന്നും ഷിരാസിയുടെ ഫത്വയില്‍ പറയുന്നുണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും എതിരെ ഫത്വ (മതപരമായ ഉത്തരവ്) പുറപ്പെടുവിച്ച് ഇറാനിലെ ഉന്നത ഷിയ പുരോഹിതന്‍ ഗ്രാന്‍ഡ് ആയത്തുളള നാസര്‍ മകരേം ഷിരാസി. ഇറാനിലെ ഇസ്ലാമിക പരമാധികാരത്തിന് ഭീഷണിയുയര്‍ത്തുന്ന അമേരിക്കയുടെയും ഇസ്രയേലിന്റെയും നേതാക്കളെ താഴെയിറക്കാന്‍ ലോകത്തെമ്പാടുമുളള മുസ്ലിങ്ങള്‍ ഒന്നിക്കണമെന്നാണ് ആഹ്വാനം. നെതന്യാഹുവും ഡോണള്‍ഡ് ട്രംപും ദൈവത്തിന്റെ ശത്രുക്കളാണെന്നും ആയത്തുളള നാസര്‍ മകരേം ഷിരാസി പറഞ്ഞു.
നേതാവിനെയോ മര്‍ജയെയോ (മതപരമായ അധികാരി) ഭീഷണിപ്പെടുത്തുന്ന വ്യക്തിയോ ഭരണകൂടമോ മുഹറിബ് ആയി കണക്കാക്കപ്പെടുമെന്ന് ഷിരാസി ഫത്വയില്‍ പറയുന്നുവെന്ന് മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. മുഹറിബ് എന്നാല്‍ ദൈവത്തിനെതിരെ യുദ്ധം ചെയ്യുന്ന ആള്‍ എന്നാണ്. ഇറാനിയന്‍ നിയമപ്രകാരം മുഹറിബ് ആയി കുറ്റം ചുമത്തപ്പെടുന്നയാള്‍ക്ക് വധശിക്ഷ, കുരിശിലേറ്റല്‍, അവയവങ്ങള്‍ മുറിച്ചുമാറ്റല്‍, നാടുകടത്തല്‍ തുടങ്ങിയ ശിക്ഷകളാണ് ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

ഇത്തരം ശത്രുക്കളെ മുസ്ലിങ്ങളോ മുസ്ലിം രാഷ്ട്രങ്ങളോ ഏതെങ്കിലും തരത്തില്‍ പിന്തുണയ്ക്കുകയോ അവരുമായി സഹകരിക്കുകയോ ചെയ്യുന്നത് ഹറാമാണെന്നും ശത്രുക്കള്‍ അവരുടെ തെറ്റുകളില്‍ പശ്ചാത്തപിക്കേണ്ടത് അത്യാവശ്യമാണെന്നും ലോകമെമ്പാടുമുളള മുസ്ലിങ്ങള്‍ക്ക് ആ വിഷയത്തില്‍ കടമയുണ്ടെന്നും ഫത്വയില്‍ പറയുന്നു. മുസ്ലിങ്ങള്‍ക്ക് കടമ നിര്‍വഹിക്കാനുളള പോരാട്ടത്തിനിടയില്‍ എന്തെങ്കിലും കഷ്ടപ്പാടുകളോ നഷ്ടങ്ങളോ ഉണ്ടാവുകയാണെങ്കില്‍ ദൈവമാര്‍ഗത്തില്‍ പോരാടിയതിനുളള ഫലം അവര്‍ക്ക് ലഭിക്കുമെന്നും ഷിരാസിയുടെ ഫത്വയില്‍ പറയുന്നുണ്ട്.

facebook twitter