മെക്‌സിക്കോ സിറ്റി: വിഖ്യാത മെക്സിക്കൻ ഗുസ്തി താരം റേ മിസ്റ്റീരിയോ സീനിയര്‍ അന്തരിച്ചു. 66 വയസ്സായിരുന്നു. മിസ്റ്റീരിയോയുടെ കുടുംബമാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. മിഗ്വല്‍ എയ്ഞ്ചല്‍ ലോപസ് ഡയസ് എന്നാണ് യഥാര്‍ഥ നാമം.
1976-ലാണ് റേ മിസ്റ്റീരിയോ ഗുസ്തി കരിയര്‍ ആരംഭിക്കുന്നത്. വളരെപ്പെട്ടെന്നുതന്നെ ഈ മേഖലയിലെ പ്രമുഖ വ്യക്തിത്വമായി. ഇടിക്കൂട്ടിന് പുറത്ത് മെന്ററായും കഴിവുതെളിയിച്ചു. ഡബ്ല്യൂ.ഡബ്ല്യൂ.ഇ മേഖലയിലെ ശ്രദ്ധേയ താരമായ റേ മിസ്റ്റീരിയോ ജൂനിയറിന്റെ അമ്മാവനാണ് റേ മിസ്റ്റീരിയോ സീനിയർ.
2009-ല്‍ ഔദ്യോഗികമായി വിരമിച്ചെങ്കിലും കായികരംഗത്തോടുള്ള സ്‌നേഹം കാരണം 2023-ലും ഇടിക്കൂട്ടില്‍ മത്സരിച്ചിരുന്നു. വേള്‍ഡ് റെസ്‌ലിങ് അസോസിയേഷന്‍, ലൂച്ച ലിബ്രെ എ.എ.എ. വേള്‍ഡ്‌വൈഡ് ചാമ്പ്യന്‍ഷിപ്പുകള്‍ ഉള്‍പ്പെടെ നേടിയിട്ടുണ്ട്.
1990-ലെ റെസ്‌ലിങ് സ്റ്റാര്‍കേഡ് ലോക ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെയുള്ള മത്സരങ്ങളില്‍ തന്റെ പ്രതിഭ തെളിയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. നിരവധി ആരാധകരെ സൃഷ്ടിച്ചെടുക്കാനും ഇക്കാലയളവില്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. മെക്‌സിക്കന്‍ റെസ്ലിങ് സംഘടനയായ ലൂച്ച ലിബ്ര എ.എ.എ. മരണത്തില്‍ അനുശോചനമറിയിച്ച് എക്‌സില്‍ കുറിപ്പ് പങ്കുവെച്ചു.