പ്രധാനമന്ത്രിയും അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി യോഗി ആദിത്യനാഥ്

02:00 PM Jul 20, 2025 | Neha Nair

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡൽഹിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. വെറും ഒരു രാഷ്ട്രീയ സന്ദർശനമാണ് ഇതെന്ന് വിശേഷിപ്പിക്കപ്പെട്ടെങ്കിലും, പുതിയ ഉത്തർപ്രദേശ് ബിജെപി പ്രസിഡന്റിന്റെ നിയമനവും 2027 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളും പ്രധാന ചർച്ചകളിൽ ഉൾപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

ഓഗസ്റ്റിൽ പ്രധാനമന്ത്രി മോദിയുടെ വാരണാസി സന്ദർശനവും ചർച്ചകളിൽ ഇടം നേടി. കൂടാതെ ഉത്തർപ്രദേശിൽ നേതൃമാറ്റം ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്ന സമയത്താണ് യോഗിയുടെ സന്ദർശനം. പാർട്ടിക്കുള്ളിലെ അദ്ദേഹത്തിന്റെ നിലപാട് പുനഃപരിശോധിക്കുമെന്ന അഭ്യൂഹങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, പാർട്ടിക്കുള്ളിലെ നിലപാട് ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന്റെ യാത്രയെന്ന് ഒരു വിഭാഗം കരുതുന്നു.

ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അടുത്തിടെ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്തതോടെയാണ് ഈ ചർച്ചകൾക്ക് ആക്കം കൂടിയത്. ഒബിസി നേതാവായ മൗര്യ, യുപിയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സാധ്യതയുള്ള സ്ഥാനാർത്ഥിയായി രാഷ്ട്രീയ വൃത്തങ്ങളിൽ സൂചനയുണ്ടായിരുന്നു. അതേസമയം സംസ്ഥാനത്തിന്റെ ഉന്നത പദവിയിലെ മാറ്റത്തെക്കുറിച്ച് ബിജെപി നേതൃത്വം ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.