ഉത്തർപ്രദേശ് : സംസാരിക്കാൻ വിസമ്മതിച്ചതിന് വിവാഹിതയായ യുവതിയെ യുവാവും സുഹൃത്തുക്കളും ചേർന്ന് തീകൊളുത്തി കൊന്നു. ലഖ്‌നൗവിനടുത്തുള്ള ഫറൂഖാബാദിൽ ആണ് സംഭവം. ഓഗസ്റ്റ് 6-ന് നടന്ന സംഭവമാണ് ഇപ്പോൾ പുറത്തുവരുന്നത്. 33കാരിയായ നിഷാ സിങ്ങാണ് യുവാക്കളുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. അച്ഛനെ കാണാനായി പോകുന്നതിനിടെ ദീപക് എന്ന യുവാവും സുഹൃത്തുക്കളും നിഷയെ തടഞ്ഞുവെക്കുകയായിരുന്നു. തടഞ്ഞുവച്ചതിനു പിന്നാലെ യുവതിയുമായി തർക്കമുണ്ടാവുകയും പിന്നാലെ തീകൊളുത്തുകയുമായിരുന്നു. രണ്ടു മാസത്തോളമായി ദീപക് നിഷയുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുകയും സംസാരിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നുണ്ടായിരുന്നെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
തീ ആളിപ്പടർന്നതോടെ നിലവിളിച്ചുകൊണ്ട് യുവതി ഓടി. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ദിവസങ്ങൾ നീണ്ട ചികിത്സയ്ക്കിടെ കഴിഞ്ഞ ദിവസം നിഷ മരിച്ചതായി പിതാവ് ബൽറാം സിങ് പറഞ്ഞു. പ്രതികളെ പിടികൂടാൻ നാല് ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്നും കേസിൽ എഫ്.ഐ.ആർ. റെജിസ്റ്റർ ചെയ്തതായും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ദീപക് ശല്യം ചെയ്യുന്നതിനെക്കുറിച്ച് നിഷ തന്നെ അറിയിച്ചിരുന്നെന്നും എന്നാൽ മാതാപിതാക്കളെ അറിയിച്ചില്ലെന്നും സഹോദരി നീതു സിങ് പറഞ്ഞു.
ഭാര്യ ഇത്തരമൊരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് തനിക്കും അറിയില്ലായിരുന്നുവെന്ന് ഭർത്താവ് അമിത് ചൗഹാൻ പറഞ്ഞു. തന്നോട് കാര്യങ്ങൾ തുറന്നുപറഞ്ഞില്ലെന്നും അപകടമുണ്ടായ ദിവസവും മണിക്കൂറുകളോളം തങ്ങൾ ഇരുവരും സംസാരിച്ചിരുന്നുവെന്നും അമിത് വ്യക്തമാക്കി.