കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സ്വതന്ത്രചിന്തകരുടെ സമ്മേളനത്തില്‍ തോക്കുമായി വന്ന യുവാവ് പിടിയില്‍. ബംഗ്ലാദേശ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ തസ്ലീമ നസ്രിന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന 'ലിറ്റ്മസ് 25' എന്ന പരിപാടിയിലാണ് സംഭവം.
ഉദയം പേരൂര്‍ സ്വദേശിയായ അജീഷിനെയാണ് സുരക്ഷാ പരിശോധനക്കിടെ പൊലീസ് പിടികൂടിയത്. വിദ്യാധരന്‍ കൊലക്കേസിലെ ഒന്നാം സാക്ഷിയുടെ മകനാണ് അജീഷ്. ഇയാളെ പൊലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. പരിപാടിക്ക് എത്തിയതാണെന്നും ജീവന് ഭീഷണിയുള്ളതിനാലാണ് തോക്ക് സൂക്ഷിച്ചതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. തോക്കിന് ലൈസന്‍സ് ഉണ്ടെന്നും യുവാവ് വിശദീകരിച്ചു. പിന്നാലെ അജീഷിന്റെ തോക്കിന് 2030വരെ ലൈസന്‍സ് ഉളളതായി പൊലീസ് പറഞ്ഞു.
തോക്കുമായി ഇയാളെ കണ്ടകാര്യം ആളുകള്‍ പരിപാടിയുടെ സംഘാടകരെ അറിയിക്കുകയായിരുന്നു. ഇത് ബോംബ് ഭീഷണിയായി വ്യാഖ്യാനിക്കപ്പെട്ടതോടെ പരിപാടിയില്‍ പരിഭ്രാന്തി ഉയര്‍ന്നു. പിന്നാലെ അയ്യായിരത്തിലധികം ആളുകള്‍ പങ്കെടുക്കുന്ന പരിപാടി താത്ക്കാലികമായി നിര്‍ത്തിവെച്ചു. പിന്നാലെ പൊലീസും ബോംബ് സ്‌ക്വോഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനിടെയാണ് തോക്കുമായി ഇയാളെ കണ്ടെത്തിയത്. കര്‍ശന പരിശോധനയ്ക്ക് ശേഷം ആളുകളെ കടത്തിവിട്ട് പരിപാടി പുനഃരാരംഭിച്ചു.