+

യൂട്യൂബർ എൽവിഷ് യാദവിന്റെ വീടിനു നേരെ വെടിവെപ്പ് ; അന്വേഷണമാരംഭിച്ച് പൊലീസ്

യൂട്യൂബർ എൽവിഷ് യാദവിന്റെ വീടിനു നേരെ വെടിവെപ്പ് ; അന്വേഷണമാരംഭിച്ച് പൊലീസ്

ഗുഢ്ഗാവ്: ഹരിയാനയിൽനിന്നുള്ള പ്രശസ്ത യൂട്യൂബർ എൽവിഷ് യാദവിന്റെ വീടിനു നേർക്ക് ബൈക്കിലെത്തിയ അ​ജ്ഞാതർ വെടിവെപ്പു നടത്തിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തി ഫോറൻസിക് തെളിവുകൾ ശേഖരിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. ഞായറാഴ്ച പുലർച്ചെ ഗുഢ്ഗാവിലെ സെക്ടർ 57ലെ വീടിനുമുന്നിൽ ബൈക്കിലെത്തിയ മൂന്ന് അക്രമികൾ രണ്ട് ഡസനിലധികം വെടിയുതിർത്തതായി പൊലീസ് പറഞ്ഞു.

പുലർച്ചെ 5.30ഓടെ സംഭവം നടക്കുമ്പോൾ യാദവ് വീട്ടിലുണ്ടായിരുന്നില്ല. എന്നാൽ, കുടുംബാംഗങ്ങൾ അകത്തുണ്ടായിരുന്നുവെങ്കിലും ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അവർ പറഞ്ഞു. കുടുംബത്തിന്റെ പരാതി പ്രകാരം എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തതായി ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സെക്ടർ 57 ലെ യൂട്യൂബറുടെ വീട്ടിലേക്ക് അക്രമികൾ ഇരുപതോളം റൗണ്ട് വെടിയുതിർത്ത ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. വീടിന്റെ താഴത്തെ നിലയിലും ഒന്നാം നിലയിലുമാണ് വെടിയുണ്ടകൾ പതിച്ചതെന്ന് പൊലീസ് പറഞ്ഞു.

‘ഞങ്ങൾ ഉറങ്ങുമ്പോൾ അക്രമികൾ മോട്ടോർ സൈക്കിളിൽ വന്ന് വെടിയുതിർക്കാൻ തുടങ്ങി. മുഖംമൂടി ധരിച്ച മൂന്ന് പേർ ഉണ്ടായിരുന്നു. ഒരാൾ ബൈക്കിൽ ഇരുന്നു. മറ്റ് രണ്ടുപേർ ഇറങ്ങി വീടിന് നേരെ വെടിയുതിർത്തു. അവർ 25 മുതൽ 30 റൗണ്ട് വരെ വെടിയുതിർത്ത് ഓടി രക്ഷപ്പെട്ടു. സംഭവത്തിനു മുമ്പ് എൽവിഷിന് ഒരു ഭീഷണിയും ലഭിച്ചിരുന്നില്ല. ജോലി സംബന്ധമായി അദ്ദേഹം ഇപ്പോൾ നഗരത്തിന് പുറത്താണ്’ -യൂട്യൂബറുടെ പിതാവ് പറഞ്ഞു. 

facebook twitter