‘ഈസ്റ്റർ വെടിനിർത്തൽ’ പ്രഖ്യാപിച്ചുവെങ്കിലും റഷ്യ അത് ലംഘിച്ചു ; സെലൻസ്‌കി

06:00 PM Apr 20, 2025 | Neha Nair

യുക്രെയ്‌ന് എതിരെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ‘ഈസ്റ്റർ വെടിനിർത്തൽ’ പ്രഖ്യാപിച്ചുവെങ്കിലും റഷ്യ അത് ലംഘിച്ചു എന്നാരോപിച്ച് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കി രംഗത്ത് എത്തി. ‘റഷ്യ പെട്ടെന്ന് പൂർണ്ണവും നിരുപാധികവുമായ വെടിനിർത്തൽ കരാർ പാലിക്കാൻ തയ്യാറായാൽ, യുക്രെയ്ൻ അതനുസരിച്ച് പ്രവർത്തിക്കുമെന്ന് സെലെൻസ്‌കി ചൂണ്ടിക്കാണിച്ചു. തങ്ങളുടെത് ന്യായമായ പ്രവർത്തനങ്ങളാണെന്നാണ് സെലെൻസ്‌കിയുടെ അവകാശവാദം.

റഷ്യയിലെ കുർസ്‌ക്, ബെൽഗൊറോഡ് മേഖലകളിൽ പോരാട്ടം തുടരുകയാണെന്നും റഷ്യൻ ഡ്രോണുകൾ ഇപ്പോഴും ഉപയോഗത്തിലുണ്ടെന്നും സെലെൻസ്‌കി എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. ഏപ്രിൽ 20 ന് ശേഷവും യുക്രെയ്ൻ വെടിനിർത്തൽ നീട്ടാൻ തയ്യാറാണെന്ന് സെലെൻസ്‌കി പറയുന്നു.

‘മാനുഷിക പരിഗണനകളുടെ അടിസ്ഥാനത്തിൽ റഷ്യ ഈസ്റ്റർ വെടിനിർത്തൽ പ്രഖ്യാപിക്കുന്നുവെന്നും, ഈ കാലയളവിൽ എല്ലാ സൈനിക പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ ഞാൻ ഉത്തരവിടുന്നുവെന്നുമായിരുന്നു പുടിന്റെ പ്രഖ്യാപനം. ‘യുക്രെയ്ൻ തങ്ങളുടെ മാതൃക പിന്തുടരുമെന്ന് കരുതുന്നതായും പുടിൻ ചൂണ്ടിക്കാണിച്ചു. അതേസമയം, യുക്രെയ്‌നിൽ നിന്ന് വെടിനിർത്തൽ ലംഘനങ്ങളും പ്രകോപനങ്ങളും, ഏതെങ്കിലും ആക്രമണാത്മക നടപടികളും ഉണ്ടായാൽ അത്‌നെ നേരിടാൻ സൈനികർ തയ്യാറായിരിക്കണമെന്നും പുടിൻ ഉത്തരവിട്ടു. യുക്രെയ്ൻ ‘പരസ്പരം ബഹുമാനിക്കുന്ന’ പക്ഷം വെടിനിർത്തൽ തങ്ങളുടെ സൈന്യം പാലിക്കുമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.