+

ആര്യ രാജേന്ദ്രന്‍ മേയറായ സന്തോഷം പങ്കുവെച്ച സൊഹ്‌റാന്‍ മംദാനി, ട്രംപ് അധിക്ഷേപിക്കുന്ന യുവ നേതാവിന് ലോകമെങ്ങുനിന്നും പിന്തുണ

ന്യൂയോര്‍ക്ക് സിറ്റിയിലെ മേയര്‍ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറി തിരഞ്ഞെടുപ്പില്‍ വിജയിച്ച സൊഹ്‌റാന്‍ മംദാനി ഇപ്പോള്‍ ലോകമെങ്ങും ചര്‍ച്ചാവിഷമാണ്.

ന്യൂഡല്‍ഹി: ന്യൂയോര്‍ക്ക് സിറ്റിയിലെ മേയര്‍ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറി തിരഞ്ഞെടുപ്പില്‍ വിജയിച്ച സൊഹ്‌റാന്‍ മംദാനി ഇപ്പോള്‍ ലോകമെങ്ങും ചര്‍ച്ചാവിഷമാണ്. 2020-ലെ ഒരു ട്വീറ്റിലൂടെ തിരുവനന്തപുരം മേയറായ ആര്യ രാജേന്ദ്രന്റെ നേട്ടം പങ്കുവെച്ച വ്യക്തയാണ് സൊഹ്‌റാന്‍ മംദാനി. 33 വയസ്സുള്ള മംദാനി, ഇന്ത്യന്‍-അമേരിക്കന്‍ ചലച്ചിത്രകാരി മീര നായര്‍, ഉഗാണ്ടന്‍ അക്കാദമിക് മഹ്‌മൂദ് മംദാനി എന്നിവരുടെ മകനാണ്. 

2020-ല്‍ 21-ാം വയസ്സില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ട ആര്യ രാജേന്ദ്രന്‍, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ചരിത്രം സൃഷ്ടിച്ചിരുന്നു. ഈ നേട്ടത്തെ പ്രശംസിച്ചുകൊണ്ടാണ് സോഹ്‌റാന്‍ 2020 ഡിസംബറില്‍ ട്വീറ്റ് പങ്കുവെച്ചത്. അത് ഇപ്പോള്‍ വീണ്ടും വെറലായിരിക്കുകയാണ്.

ലോകത്തിലെ ഒരു പ്രധാന നഗരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍, എന്നായിരുന്നു ആ പോസ്റ്റ്. ഈ ട്വീറ്റ് ഷെയര്‍ ചെയ്ത മംദാനി, ആര്യയുടെ നേട്ടം മാതൃകയായി ഉയര്‍ത്തിക്കാട്ടി. ഈ പോസ്റ്റ്, അദ്ദേഹത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെ വ്യക്തമാക്കുന്നതായിരുന്നു. എന്നാല്‍, ഇപ്പോള്‍ അമേരിക്കന്‍ രാഷ്ട്രീയ വൃത്തങ്ങളില്‍, പ്രത്യേകിച്ച് റിപ്പബ്ലിക്കന്‍ വിഭാഗങ്ങള്‍ക്കിടയില്‍, വിവാദമായിരിക്കുകയാണ്.

സോഹ്‌റാന്‍ മംദാനിയും ആര്യ രാജേന്ദ്രനും യുവതലമുറയെ പ്രതിനിധീകരിക്കുന്ന, പുരോഗമനപരമായ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയക്കാരാണ്. മംദാനി, ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് എന്ന നിലയില്‍, കുറഞ്ഞ ചെലവിലുള്ള വീടുകള്‍, സൗജന്യ പൊതുഗതാഗതം, സാര്‍വത്രിക ശിശുസംരക്ഷണം, നഗരത്തിലെ ഗ്രോസറി സ്റ്റോറുകള്‍ എന്നിവയ്ക്കായി വാദിക്കുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ളവര്‍ മംദാനിയെ 'കമ്യൂണിസ്റ്റ് ഭ്രാന്തന്‍' എന്ന് വിശേഷിപ്പിച്ചാണ് വിമര്‍ശിച്ചത്. എന്നാല്‍, ലോകമെങ്ങുനിന്നും ഈ യുവ നേതാവിന് പിന്തുണ ഏറുകയാണ്. സൊഹ്‌റാന്‍ ന്യൂയോര്‍ക്ക് മേയറാകുമെന്നാണ് ഏവരുടേയും പ്രതീക്ഷ.

സോഹ്‌റാന്‍ മംദാനിയുടെ ട്വീറ്റ്, ആര്യ രാജേന്ദ്രന്റെ നേട്ടത്തെ ആഗോളതലത്തില്‍ ശ്രദ്ധയില്‍ കൊണ്ടുവന്നു. ദക്ഷിണേഷ്യന്‍ വേരുകളുള്ള അമേരിക്കന്‍ രാഷ്ട്രീയക്കാരന്‍, കേരളത്തിലെ ഒരു യുവ നേതാവിനെ പ്രശംസിക്കുന്നത്, ആഗോള രാഷ്ട്രീയത്തില്‍ യുവതലമുറയുടെ ശക്തിയും പുരോഗമന ആശയങ്ങളുടെ പ്രാധാന്യവും എടുത്തുകാണിക്കുന്നു.

 

facebook twitter