
കൊച്ചി: സ്കൂളിൽ സൂംബ പരിശീലിപ്പിക്കുന്നത് വിവാദമാക്കേണ്ടതില്ലെന്ന് യൂത്ത് കോൺഗ്രസ്. ചെറുപ്പക്കാർക്ക് വലിയതോതിൽ ജീവഹാനിയുണ്ടാകുന്ന കാലമാണ്. ജീവിത ശൈലി രോഗങ്ങൾ വ്യാപിക്കുന്ന സാഹചര്യം കൂടിയുണ്ട്. അത്തരമൊരു കാലഘട്ടത്തിൽ സ്കൂൾ തലംമുതൽ മാനസികാരോഗ്യം സംരക്ഷിക്കാനുള്ള പരിശീലനം ശീലമാക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ആരോഗ്യസംരക്ഷണത്തിന് വേണ്ടിയുള്ള കാര്യങ്ങൾ വിവാദമാക്കേണ്ടതില്ല. സൂംബ ഡാൻസ് സാർവ്വത്രികമാണെന്നും ചരിത്രത്തിലാദ്യമായി യൂത്ത് കോൺഗ്രസ് ക്യാംപിലും ഇത്തരം പരിശീലനം സംഘടിപ്പിച്ചുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ സൂചിപ്പിച്ചു. സംസ്ഥാനത്ത് മുഴുവൻ എ പ്ലസുകാർക്ക് പോലും പ്ലസ് വൺ അഡ്മിഷൻ കിട്ടാത്ത സാഹചര്യമുണ്ട്. പ്രത്യേകിച്ചും മലബാറിൽ. അതാണ് വിവാദമാകേണ്ടതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
സൂബ വിവാദത്തിൽ സർക്കാരിനെ എതിർത്ത എംഎസ്എസ് നിലപാട് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. എന്നാൽ എംഎസ്എഫ് അത്തരമൊരു നിലപാട് സ്വീകരിച്ചെങ്കിൽ അതിന് അവർക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു. എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ സൂംബ നടപ്പിലാക്കിയതെന്ന് എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി കെ നവാസ് ചോദിച്ചിരുന്നു. സർക്കാരിന്റേത് ഏകപക്ഷീയമായ തീരുമാനം എന്നാണ് സർക്കാർ വിമർശനം.