മംഗളൂരുവിലെ അഡയാറില്‍ ബീഡിക്കുറ്റി തൊണ്ടയില്‍ കുടുങ്ങി പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ബിഹാര്‍ ദമ്പതികളുടെ അനീഷ് കുമാര്‍ എന്ന കുഞ്ഞാണ് മരിച്ചത്. അച്ഛന് അലക്ഷ്യമായി വലിച്ചെറിഞ്ഞ ബീഡിക്കുറ്റി കുട്ടി അബദ്ധത്തില്‍ കഴിക്കുകയായിരുന്നു.
സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുട്ടിക്ക് ബീഡിക്കുറ്റി കിട്ടുന്ന രീതിയില്‍ അലക്ഷ്യമായി വലിച്ചെറിയരുതെന്ന് പലതവണ പറഞ്ഞിട്ടുള്ളതാണെന്ന് ഭര്‍ത്താവിനെതിരെ അവര്‍ മംഗളൂരു റൂറല്‍ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
ജൂണ്‍ 14-ന് ഉച്ചയോടെ കുഞ്ഞ് അസ്വസ്ഥതകള്‍ കാണിച്ചു തുടങ്ങി. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയിലിരിക്കെ ജൂണ്‍ 15-ന് കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിതാവിന്റെ പ്രവൃത്തി ക്രിമിനല്‍ അനാസ്ഥയാണോ എന്ന് അധികൃതര്‍ പരിശോധിച്ചുവരികയാണ്.