വഴക്കുപറഞ്ഞ അമ്മയോടുളള പ്രതികാരം തീര്‍ക്കാന്‍ വ്യാജ തട്ടിക്കൊണ്ടുപോകല്‍ കഥ മെനഞ്ഞ് പതിമൂന്നുകാരി

09:39 AM Jul 01, 2025 | Renjini kannur

ഭോപ്പാല്‍: വഴക്കുപറഞ്ഞ അമ്മയോടുളള പ്രതികാരം തീര്‍ക്കാന്‍ വ്യാജ തട്ടിക്കൊണ്ടുപോകല്‍ കഥ മെനഞ്ഞ് പതിമൂന്നുകാരി. മധ്യപ്രദേശിലെ ഭോപ്പാലില്‍ ജബല്‍പൂരിലാണ് സംഭവം. 15 ലക്ഷം രൂപ മോചനദ്രവ്യം വേണമെന്ന് പെണ്‍കുട്ടി എഴുതിവയ്ക്കുകയും ചെയ്തു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനും ലിപ്സ്റ്റിക് ഉപയോഗിക്കുന്നതിനുമെല്ലാം പെണ്‍കുട്ടിയെ അമ്മ നിരന്തരം ശകാരിച്ചിരുന്നു.

ഇതിന് പ്രതികാരമായാണ് പെണ്‍കുട്ടി തന്നെ തട്ടിക്കൊണ്ടുപോയവര്‍ എഴുതിയതെന്ന തരത്തില്‍ ഒരു കത്ത് വീട്ടില്‍ വെച്ചത്. 'നിങ്ങളുടെ മകള്‍ ഞങ്ങളോടൊപ്പമുണ്ട്. അവളെ സുരക്ഷിതയായി തിരിച്ചുനല്‍കണമെങ്കില്‍ 15 ലക്ഷം രൂപ ഞങ്ങള്‍ക്ക് നല്‍കണം. ഈ വിവരം പൊലീസില്‍ അറിയിക്കാനാണ് ശ്രമമെങ്കില്‍ അതിന്റെ അനന്തരഫലങ്ങള്‍ നേരിടേണ്ടിവരും' എന്നാണ് കത്തില്‍ ഉണ്ടായിരുന്നത്.

കത്ത് കണ്ട് പരിഭ്രാന്തരായ കുടുംബം ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചു. ജബല്‍പൂര്‍ മുതല്‍ ഭോപ്പാല്‍ വരെയുളള പൊലീസുകാര്‍ പെണ്‍കുട്ടിക്കായി തിരച്ചില്‍ ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു. അതിനിടെ പെണ്‍കുട്ടിയെ സദര്‍ മേഖലയില്‍ താന്‍ ഇറക്കിവിട്ടതായി അറിയിച്ച് ഒരു ഓട്ടോ ഡ്രൈവര്‍ രംഗത്തെത്തി. പൊലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. അഞ്ച് മണിക്കൂര്‍ നീണ്ട തിരച്ചിലിന് ശേഷം സദറിലെ ഏഴാം നമ്പര്‍ ലെയ്‌നില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തി. തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

നിരന്തരമുളള അമ്മയുടെ ശകാരത്തില്‍ നിന്ന് രക്ഷപ്പെടാനാണ് പെണ്‍കുട്ടി ഒരു വ്യാജ തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തത്. ഒരു മാസം താമസിക്കാനായി മുറിയെടുക്കാന്‍ ആവശ്യമായ പണവും തന്റെ കുടുക്ക പൊട്ടിച്ച് കുട്ടി കയ്യില്‍ കരുതിയിരുന്നു. ആരുടെയും ശല്യമില്ലാതെ താമസിക്കാനാണ് പെണ്‍കുട്ടി ആഗ്രഹിച്ചത്. കുറിപ്പിലെ കയ്യക്ഷരവും നോട്ട് ബുക്കിലെ കയ്യക്ഷരവും പരിശോധിച്ച് കത്തെഴുതിയത് പെണ്‍കുട്ടി തന്നെയാണെന്ന് സ്ഥിരീകരിച്ചെന്നും പെണ്‍കുട്ടിയെ സുരക്ഷിതമായി കുടുംബത്തിന് കൈമാറിയെന്നും പൊലീസ് അറിയിച്ചു.