
വളപട്ടണം : ബേക്കലിലെ ഭർതൃമതിയായ യുവതിക്കൊപ്പം പുഴയിൽ ചാടിയ ആൺ സുഹൃത്തായ നിർമ്മാണ തൊഴിലാളിയെ ഇനിയും കണ്ടെത്താനായില്ല. പുഴയിൽ ഇയാൾക്കായി തിരച്ചിൽ നടത്തിയ ഫയർഫോഴ്സ് സംഘത്തിന് മറ്റൊരാളുടെ മൃതദേഹം കണ്ടുകിട്ടി. അഴീക്കോട് കപ്പക്കടവിലെ ചേലോറ കണ്ടിക്കൽ വീട്ടിൽ ഹരീഷിന്റെ (45) മൃതദേഹമാണ് കണ്ടുകിട്ടിയത്. ചൊവ്വാഴ്ച്ച രാവിലെയാണ് മൃതദേഹം വളപട്ടണം പുഴയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് മൃതദേഹം ജില്ലാ ആശുപ്രതിയിലേക്ക് മാറ്റി.
ബേക്കലിൽ നിന്നും യുവതിക്കൊപ്പം വളപട്ടണം പുഴയിൽ ചാടി കാണാതായ പെരിയാട്ടടുക്കത്തെ രാജു (39) വിനെഇനിയും കണ്ടെത്താനായില്ല. ഇയാളെ കാണാനില്ലെന്ന ബന്ധുവിൻ്റെ പരാതിയിൽ ബേക്കൽ പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. അതേസമയം കഴിഞ്ഞ ദിവസം ഉച്ചയോടെ ബേക്കൽ പോലീസ് കോടതിയിൽ ഹാജരാക്കിയ യുവതി ബന്ധുക്കൾക്കൊപ്പം പോകുകയും ഭർത്താവും മക്കളും ഇവരെ സ്വീകരിക്കുകയും ചെയ്‌തിട്ടുണ്ട്.. ഞായറാഴ്ചയാണ് യുവതിയെയും ആൺ സുഹൃത്തിനെയും കാണാതായത്.
ഇരുവരും വളപട്ടണം പുഴയുടെ പാലത്തിൽ നിന്നും ചാടുകയായിരുന്നുവെന്നാണ് യുവതി പൊലിസിന് മൊഴി നൽകിയത്. നന്നായി നീന്തൽ അറിയാവുന്ന യുവതി ദേശീയപാതയിലെ നിർമാണം നടക്കുന്ന സ്ഥലത്തു നിന്നും പുഴയിലേക്ക് ചാടിയപ്പോൾ നീന്തി രക്ഷപ്പെടുകയായിരുന്നു. തിങ്കളാഴ്ച്ച വളപട്ടണം പുഴയോരത്ത് ഇവരെ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ വിവരം പൊലിസിൽ അറിയിക്കുകയായിരുന്നു. എന്നാൽ കൂടെ ചാടിയ യുവാവിനെ ഇതുവരെ കണ്ടെത്തിയിട്ടില്ല.