കുവൈത്തില്‍ ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്റെ നിര്‍ദ്ദേശ പ്രകാരം, താമസ-തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനും സമൂഹത്തില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും വേണ്ടി എല്ലാ ഗവര്‍ണറേറ്റുകളിലും സുരക്ഷാ പരിശോധനകള്‍ ശക്തമാക്കി. റെസിഡന്‍സി അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴിലുള്ള വയലേറ്റേഴ്‌സ് ഫോളോ-അപ്പ് വിഭാഗം രാജ്യവ്യാപകമായി നടത്തിയ പരിശോധനകളില്‍ 14 യാചകരായ സ്ത്രീകളെ അറസ്റ്റ് ചെയ്തു. ഇന്ത്യ, ശ്രീലങ്കന്‍, സിറിയ, ജോര്‍ദാന്‍ രാജ്യക്കാരായ സ്ത്രീകളാണ് പിടിയിലായത്.
നിയമലംഘകര്‍ക്കെതിരെ ഫാമിലി ജോയിനിംഗ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 22 പ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിച്ചു. ഈ നിയമമനുസരിച്ച് നിയമലംഘകനെയും സ്‌പോണ്‍സറെയും നാടുകടത്താന്‍ വ്യവസ്ഥയുണ്ട്.
താമസ, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നും നിയമലംഘനങ്ങള്‍ക്ക് തൊഴിലാളികളെയും തൊഴിലുടമകളെയും ഒരുപോലെ ഉത്തരവാദികളാക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭിക്ഷാടനം ഏത് രൂപത്തിലായാലും അത് സമൂഹത്തിന് ദോഷവും നിയമത്തിന്റെ വ്യക്തമായ ലംഘനവുമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.