മഹാരാഷ്‌ട്രയില്‍ കെട്ടിടം ഇടിഞ്ഞ്‌ 17 പേര്‍ മരിച്ചു

09:42 AM Aug 29, 2025 | Renjini kannur

 മഹാരാഷ്‌ട്ര: ബഹുനില മന്ദിരത്തിന്റെ ഒരുഭാഗം ഇടിഞ്ഞ്‌ മഹാരാഷ്‌ട്രയില്‍ മരിച്ചവരുടെ എണ്ണം 17 ആയി. പാല്‍ഘര്‍ ജില്ലയില്‍ ബുധനാഴ്‌ച അര്‍ധരാത്രിയാണു നാലുനിലകളുള്ള കെട്ടിടത്തിന്റെ ഒരുഭാഗം നിലംപൊത്തിയത്‌.

വിരാര്‍ ഈസ്‌റ്റിലുള്ള വിജയ്‌ നഗറിലെ 13 വര്‍ഷം പഴക്കമുള്ള രമാഭായ്‌ അപ്പാര്‍ട്ട്‌മെന്റിന്റെ ഒരുഭാഗമാണു തകര്‍ന്നത്‌. 2012-ല്‍ നിര്‍മിച്ച കെട്ടിടത്തില്‍ 50 ഫ്‌ളാറ്റുകളുണ്ടെന്നാണു വിവരം. ഇതില്‍ പന്ത്രണ്ടോളം ഫ്‌ളാറ്റുകളില്‍ താമസിച്ചിരുന്നവരാണ്‌ അപകടത്തില്‍പ്പെട്ടത്‌. ഇടിഞ്ഞുവീണതിനു പിന്നാലെ അഗ്നിരക്ഷാ ഉദ്യോഗസ്‌ഥര്‍ അടക്കം രക്ഷാപ്രവര്‍ത്തകര്‍ പാഞ്ഞെത്തിയെങ്കിലും ഇടുങ്ങിയ മേഖലയിലൂടെ അപകടസ്‌ഥലത്തേക്ക്‌ എത്താന്‍ ഏറെ ബുദ്ധിമുട്ടിയത്‌ ആഘാതം ഇരട്ടിയാക്കി.

ഒന്‍പതുപേരെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍നിന്ന്‌ ജീവനോടെ പുറത്തെടുത്തതായി അധികൃതര്‍ പറഞ്ഞു. എന്‍.ഡി.ആര്‍.എഫ്‌. സംഘം ഉള്‍പ്പെടെ രക്ഷാദൗത്യത്തില്‍ പങ്കാളികളാണ്‌. ഉത്‌കര്‍ഷ ജോയലെന്ന ഒരുവയസുകാരിയുടെ പിറന്നാള്‍ ആഘോഷം നടന്നതിനു പിന്നാലെയാണ്‌ ദുരന്തം. ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്‌. അപകടത്തില്‍ കെട്ടിടം ഉടമയ്‌ക്കെതിരേ കേസെടുത്തു.