+

കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓണാഘോഷം കളറായി : അസാന്നിദ്ധ്യത്തിൽ ശ്രദ്ധേയയായി പി.പി. ദിവ്യ

കണ്ണൂർ ജില്ലാ പഞ്ചായത്ത് നടത്തിയ ഓണാഘോഷ പരിപാടിയിൽ മുൻ പ്രസിഡൻ്റ് പി.പി ദിവ്യയുടെ അസാന്നിദ്ധ്യം ശ്രദ്ധേയമായി. തിങ്കളാഴ്ച്ച രാവിലെ മുതലാണ് ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ ജില്ലാ പഞ്ചായത്ത്

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് നടത്തിയ ഓണാഘോഷ പരിപാടിയിൽ മുൻ പ്രസിഡൻ്റ് പി.പി ദിവ്യയുടെ അസാന്നിദ്ധ്യം ശ്രദ്ധേയമായി. തിങ്കളാഴ്ച്ച രാവിലെ മുതലാണ് ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളും, ഉദ്യോസ്ഥരും പ്രത്യേകം ക്ഷണിച്ചു വരുത്തിയ വിശിഷ്ടാതിഥികളും ഓണാഘോഷം നടത്തിയത്. കമ്പവലി ,കസേരകളി തുടങ്ങിയ വിവിധ ഇനങ്ങളിൽ മത്സരങ്ങളും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ രത്ന കുമാരി, വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ, കെ.വി ബിജു,മുഹമ്മദ് അഫ്സൽ, ചന്ദ്രൻ കല്ലാളത്ത് തുടങ്ങിയവർ നേതൃത്വം നൽകി. ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഒരേ മനസോടെ ഓണാഘോഷ പരിപാടികളിൽ പങ്കാളികളായി.

നേരത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പി.പി ദിവ്യയുടെ നേതൃത്വത്തിലാണ് ഓണാഘോഷ പരിപാടികൾ ഗംഭീരമായി നടന്നിരുന്നത്. ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷസ്ഥാനം രാജിവെച്ചുവെങ്കിലും ഇപ്പോഴും ജില്ലാ പഞ്ചായത്തംഗമാണ് പി.പി ദിവ്യ. എന്നാൽ പരിപാടിയിൽ ദിവ്യയെ ക്ഷണിച്ചിരുന്നുവെന്നോയെന്ന കാര്യം വ്യക്തമല്ല. കഴിഞ്ഞ ഒക്ടോബർ 15ന് യാത്രയയപ്പ് യോഗത്തിലെ അവഹേളനത്തിൽ മനംനൊന്ത് കണ്ണൂർ എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ പ്രതിയാക്കപ്പെട്ടതിനെ തുടർന്നാണ് പി.പി ദിവ്യ യ്ക്ക് ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനം രാജി വയ്ക്കേണ്ടി വന്നത്.

ഇതോടെ പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നിന്നും ഇരിണാവ് ബ്രാഞ്ച് കമ്മിറ്റിയിലേക്കും ദിവ്യയെ തരംതാഴ്ത്തിയിരുന്നു. നിലവിൽ ജില്ലാ പഞ്ചായത്തംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹിയുമാണ് പി.പി ദിവ്യ. പാർട്ടി പരിപാടികളിലും ഇവർ സജീവ സാന്നിദ്ധ്യമാണ്.

facebook twitter