തിരുവനന്തപുരത്ത് സ്വിമ്മിംഗ് പൂളില്‍ നിന്ന് 17കാരന് അമീബിക് മസ്തിഷ്‌ക ജ്വരം

07:17 AM Sep 14, 2025 |


തിരുവനന്തപുരത്ത് സ്വിമ്മിംഗ് പൂളില്‍ നിന്ന് 17കാരന് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.സ്വിമ്മിംഗ് പൂളിലെ വെള്ളം മൂക്കില്‍ കയറിയതാണ് രോഗകാരണമെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. സംഘത്തില്‍ ഉണ്ടായിരുന്നത് നാലു പേരാണ്. എന്നാല്‍ മറ്റു മൂന്ന് കുട്ടികള്‍ക്കും ഇത് വരെ രോഗ ലക്ഷണങ്ങള്‍ ഇല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. കുട്ടികള്‍ എല്ലാം നിരീക്ഷണത്തില്‍ തുടരുകയാണ്. എല്ലാവരും സ്‌കൂള്‍, ട്യൂഷന്‍ സെന്ററിലെ സഹപാഠികളാണ്. ഓഗസ്റ്റ് 16 നാണ് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ പൂളില്‍ കുട്ടികള്‍ ഇറങ്ങിയത്. പിറ്റേന്ന് തന്നെ കുട്ടിക്ക് കടുത്ത തലവേദന ഉണ്ടായി. ശാരീരിക അസ്വസ്ഥത കള്‍ കൂടിയതോടെ നിംസില്‍ ചികിത്സ തേടി. 


രോഗം കലശലായതോടെ അനന്തപുരി ആശുപത്രിയില്‍ എത്തി. ഇവിടെ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കുട്ടി ഐസിയുവില്‍ തുടരുകയാണ്. ഓഗസ്റ്റ് 16 മുതല്‍ ഇന്നലെ വരെ പൂളില്‍ ഇറങ്ങിയവരുടെ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. ഇവരെയും നിരീക്ഷണത്തിലാക്കും. പൂളിലെ വെള്ളത്തിന്റെ പരിശോധന ഫലം വന്ന ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോ?ഗ്യവകുപ്പ് അറിയിച്ചു.