പത്തനംതിട്ട പീഡനം; അറസ്റ്റിലായവരുടെ എണ്ണം 20 ആയി; അറസ്റ്റിലായവരിൽ നവവരനും പ്ലസ് ടു വിദ്യാർത്ഥിയും

11:03 PM Jan 11, 2025 | Litty Peter

പത്തനംതിട്ട: പത്തനംതിട്ടയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ 20 പേര്‍ അറസ്റ്റിലായെന്ന് പൊലീസ്. റാന്നിയില്‍ നിന്നും കസ്റ്റഡിയിലെടുത്ത ആറ് പ്രതികളുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. നവ വരന്‍ അടക്കമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റിലായവരിൽ പ്ലസ് ടു വിദ്യാർത്ഥിയും മത്സ്യ കച്ചവടം നടത്തുന്ന സഹോദരങ്ങളും ഉണ്ട്. മൂന്ന് പേര്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ്. രണ്ട് വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തില്‍ മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കായിക താരമായ പെണ്‍കുട്ടി തുടര്‍ച്ചയായ പീഡനത്തിന് ഇരയായെന്ന് പുറത്തുവന്നത്.2019ല്‍ വിവാഹ വാഗ്ദാനം നല്‍കി കാമുകനായിരുന്നു പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്.

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും ഇയാള്‍ പകര്‍ത്തിയിരുന്നു. ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ പീഡനം തുടര്‍ന്നു. ഇതിന് ശേഷം ഇയാള്‍ സുഹൃത്തുക്കള്‍ക്കും പെണ്‍കുട്ടിയെ കൈമാറിയതായാണ് വിവരം. പ്രതികളില്‍ മിക്കവരും 20നും 30 നും ഇടയില്‍ പ്രായമുള്ളവരാണെന്നും വിവരമുണ്ട്.

പ്രതികളിലെ 42 പേരുടെ ഫോൺ നമ്പർ പെൺകുട്ടിയുടെ അച്ഛന്റെ ഫോണിൽ നിന്ന് തന്നെയാണ് ലഭിച്ചത്. ഇതിൽ ആദ്യ പരിശോധനയിൽ തന്നെ പീഡനത്തിൽ ഉൾപ്പെട്ടുവെന്ന് പൊലീസ് ഉറപ്പിച്ച 5 പേരുടെ അറസ്റ്റ് ഇന്നലെ തന്നെ ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തി. ഇവർ  അറസ്റ്റിലായതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പതിമൂന്ന് വയസ് മുതല്‍ പീഡനത്തിനിരയായതായി കായികതാരമായ പെണ്‍കുട്ടി ക്ലാസില്‍ നല്‍കിയ കൗണ്‍സിലിങ്ങിനിടെ വെളിപ്പെടുത്തുകയായിരുന്നു.