കോട്ടയം: കോട്ടയത്ത് ട്രെയിനിൽ കടത്തിയ 32 ലക്ഷം രൂപ പിടികൂടി. മഹാരാഷ്ട്രയിൽ നിന്നും കൊച്ചുവേളിയ്ക്കുള്ള ട്രെയിനിൽ കടത്തിയ രൂപയാണ് പിടികൂടിയത്. ട്രെയിനിലെ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി റെയിൽവേ പൊലീസും, എക്സൈസും, ആർപിഎഫും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് വമ്പൻ തട്ടിപ്പ് കണ്ടെത്തിയത്. മഹാരാഷ്ട്ര സ്വദേശിയായ പ്രശാന്ത് ശിവജിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. പരിശോധനയ്ക്കിടെ ട്രെയിനിൽ സംശയാസ്പദമായ സാഹചര്യത്തിൽ യുവാവിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളിൽ നിന്നും 500 രൂപയുടെ നോട്ട് കെട്ടുകൾ കണ്ടെത്തിയത്.
ഓച്ചിറയിലെ പത്മിനി ഗോൾഡ് ഷോപ്പിലേയ്ക്ക് കൊണ്ടുപോകുകയാണ് പണം എന്ന മൊഴിയാണ് പ്രതി നൽകിയത്. ഇന്ന് രാവിലെ ഇൻകംടാക്സ് അധികൃതർ റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി.