സൗദിയില്‍ 37 അംഗ ക്രിമിനല്‍ സംഘം പിടിയില്‍

01:31 PM Jul 07, 2025 | Suchithra Sivadas

സൗദി അറേബ്യയില്‍ മയക്കുമരുന്ന് കടത്തില്‍ ഉള്‍പ്പെട്ട ക്രിമിനല്‍ സംഘത്തെ പിടികൂടി സുരക്ഷാ അധികൃതര്‍. 37 പേരടങ്ങുന്ന വലിയ സംഘത്തെയാണ് പിടികൂടിയത്. റിയാദിലും ഹെയ്ല്‍ മേഖലയിലെ പ്രദേശങ്ങളിലുമായാണ് ഇവര്‍ മയക്കുമരുന്ന് കടത്ത് നടത്തിയത്.

അധികൃതര്‍ പിടികൂടിയ 37 പേരില്‍ ആറ് പേര്‍ മന്ത്രാലയത്തിലെ ജീവനക്കാരാണെന്ന് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കൂടാതെ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ 28 സൗദി പൗരന്മാര്‍, അഞ്ച് സിറിയന്‍ പൗരത്വം ഉള്ളവര്‍, രണ്ട് എത്യോപ്യന്‍ വംശജര്‍, 2 യമനികള്‍ എന്നിവരും ഉള്‍പ്പെടുന്നു.

ആംഫെറ്റമിന്‍, ഷാബു തുടങ്ങിയ ലഹരിവസ്തുക്കളുടെ കടത്തിലാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. പ്രതിരോധ മന്ത്രാലയത്തില്‍ നിന്നുള്ള രണ്ട് പേര്‍, നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തില്‍ നിന്നും രണ്ട് ജീവനക്കാര്‍, ആഭ്യന്തരം, ആരോഗ്യം മന്ത്രാലയങ്ങളില്‍ നിന്നുള്ള ഓരോ ഉദ്യോഗസ്ഥര്‍ എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരില്‍ ഉള്‍പ്പെടുന്നത്. ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട അതോറിറ്റിക്ക് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വലിയ ക്രിമിനല്‍ സംഘം പിടിയിലായത്.