സ്‌കൂള്‍ കുട്ടികള്‍ക്ക്‌ ഓണത്തിന്‌ 4 കിലോ അരി

03:17 PM Aug 21, 2025 |


തിരുവനന്തപുരം:സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്‌താക്കളായ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണത്തിന്‌ നാലു കിലോഗ്രാം അരി വീതം വിതരണം ചെയ്യും.പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

വിദ്യാർത്ഥികള്‍ക്കുള്ള അരി സിവില്‍ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈക്കോ) കൈവശമുള്ള സ്റ്റോക്കില്‍ നിന്ന് നല്‍കാനാണ് സർക്കാർ അനുമതി നല്‍കിയിരിക്കുന്നത്.

അരി സ്കൂളുകളില്‍ നേരിട്ട് എത്തിച്ചുനല്‍കുന്നതിനുള്ള ചുമതല സപ്ലൈക്കോയ്ക്ക് നല്‍കിയിട്ടുണ്ട്. ഇതിനായി നിലവിലെ കടത്തുകൂലിക്ക് പുറമെ കിലോ ഗ്രാമിന് 50 പൈസ അധികം നല്‍കാനും തീരുമാനിച്ചു.

ജില്ലകളില്‍ സ്റ്റോക്ക് കുറവുണ്ടെങ്കില്‍ സമീപ ജില്ലകളിലെ ഡിപ്പോകളില്‍ നിന്ന് അരി എത്തിച്ച്‌ വിതരണം സുഗമമാക്കാൻ സിവില്‍ സപ്ലൈസ് കോർപ്പറേഷന് നിർദേശം നല്‍കിയിട്ടുണ്ട്. ഇതിനു വരുന്ന അധിക ചെലവ് നിലവിലെ കടത്തുകൂലി നിരക്കില്‍ തന്നെ വഹിക്കാവുന്നതാണ്.