
അമേരിക്കയില്‍ സൈനിക കേന്ദ്രത്തില്‍ വെടിവെയ്പ്പില്‍ 5 സൈനികര്‍ക്ക് പരിക്ക്. ജോര്‍ജിയ സംസ്ഥാനത്തെ ഫോര്‍ട്ട് സ്റ്റുവര്‍ട്ട് സൈനിക കേന്ദ്രത്തില്‍ ഉണ്ടായ വെടിവെയ്പ്പിലാണ് സൈനികര്‍ക്ക് പരിക്കേറ്റത്. സൈനികരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് പുറത്ത് വരുന്ന വിവരം. ബുധനാഴ്ച്ച പ്രാദേശിക സമയം രാവിലെ 11 മണിക്കാണ് വെടിവയ്പ് നടന്നത്. പട്ടാളക്കാരന്‍ തന്നെയാണ് ഇതര സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. കോര്‍ണേലിയസ് റാഡ്ഫോര്‍ഡ് എന്ന 28 കാരനായ സൈനികനാണ് വെടിവയ്പിന് പിന്നില്‍.
ഇയാളെ കസ്റ്റഡിയിലെടുത്തു. സ്വകാര്യ കൈത്തോക്ക് ഉപയോഗിച്ചായിരുന്നു ഇയാള്‍ വെടിവെച്ചത്. അറ്റ്‌ലാന്റയുടെ കിഴക്കന്‍ മേറഖലയിലെ സൈനിക താവളത്തിലാണ് വെടിവയ്പുണ്ടായത്. സൈനിക ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികനാണ് വെടിയുതിര്‍ത്തത്. യുദ്ധമേഖലയില്‍ ഇയാളെ വിന്യസിച്ചിരുന്നില്ലെന്നാണ് ഇന്‍ഫന്ററി വിഭാഗം ബ്രിഗേഡിയര്‍ ജനറല്‍ ജോണ്‍ ലൂബാസ് വിശദമാക്കിയത്. അക്രമം ചെറുത്ത ധീരരായ സൈനികര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായും ജോണ്‍ ലൂബാസ് വിശദമാക്കി. മറ്റൊന്നും ആലോചിക്കാതെ സൈനികരുടെ ഇടപെടലുണ്ടായതാണ് വലിയ രീതിയിലുള്ള ആള്‍നാശമുണ്ടാവാതിരിക്കാന്‍ കാരണമായി വിശദമാക്കുന്നത്. സെര്‍ജന്റ് പദവിയാണ് അക്രമം അഴിച്ചുവിട്ട സൈനികനുള്ളത്. ഇയാളെ ചോദ്യം ചെയ്യുന്നതായും ആക്രമത്തിന് പ്രേരിപ്പിച്ചത് എന്താണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായാണ് അധികൃത വിശദമാക്കുന്നത്. നേരത്തെ മദ്യപിച്ച് വാഹനം ഓടിച്ചതിന് ഇയാള്‍ക്കെതിരെ കേസ് നില നില്‍ക്കുന്നുണ്ട്. വെടിയേറ്റ മൂന്ന് സൈനികര്‍ക്ക് ശസ്ത്രക്രിയയ്ക്ക് വിധേയരാവേണ്ടി വന്നിട്ടുണ്ട്. സൈനിക താവളത്തിലേക്ക് ഇയാള്‍ സ്വകാര്യ പിസ്റ്റള്‍ എങ്ങനെ എത്തിച്ചുവെന്നതില്‍ അന്വേഷണം നടക്കുകയാണ്.അരമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് അക്രമിയെ പിടികൂടാനായത്. 28000 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന സൈനിക താവളത്തില്‍ പതിനായിരത്തിലേറെ പേരാണ് താമസിക്കുന്നത്.