ടൂറിസം രംഗത്ത് തുര്‍ക്കിയും അസര്‍ബൈജാനും നേരിടുന്നത് കനത്ത പ്രതിസന്ധി. ഈ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഇന്ത്യക്കാര്‍ കൂട്ടത്തോടെ റദ്ദാക്കുന്നത് തുടരുകയാണ്. അവധിക്കാലമായ ഇപ്പോള്‍ തുര്‍ക്കിയിലേക്കും അസര്‍ബൈജാനിലേക്കും യാത്ര നിശ്ചയിച്ച 60 ശതമാനം പേരും ഇത് റദ്ദാക്കി എന്നാണ് യാത്രാ വെബ്‌സൈറ്റുകളുടെ കണക്ക്. വിമാന നിരക്കുകളിലും കുത്തനെ കുറവ് വന്നു എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
രണ്ട് ദിവസം മുന്നേ വരെ ഇസ്താംബൂളിലേക്കും ബാക്കുവിലേക്കും യാത്ര ചെയ്യാന്‍ ടിക്കറ്റ് ഒന്നിന് ഒന്നര ലക്ഷം മുതല്‍ അറുപതിനായിരം രൂപ വരെയാകുമായിരുന്നു. ഇപ്പോള്‍ അത് 50 ശതമാനത്തിലധികം കുറഞ്ഞ് ഇരുപത്തിയയ്യായിരം രൂപ വരെയായി. ഇന്ത്യയില്‍ നിന്നുള്ള തുര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ പല വിമാന സര്‍വീസുകളും ആളില്ലാത്തത് കൊണ്ട് റദ്ദാക്കി.
പാക്കിസ്ഥാന് പിന്തുണയുമായി തുര്‍ക്കി രംഗത്തെത്തുകയും ആയുധങ്ങള്‍ നല്‍കുകയും ചെയ്തത് ഇന്ത്യക്കാര്‍ക്ക് വലിയ അതൃപ്തിയുണ്ടാക്കിയിരിക്കുകയാണ്.