കണ്ണൂർ : സി.പി.എം കണ്ണൂർ ജില്ലയിൽ കലാപത്തിന് തിരികൊളുത്തിയിരിക്കുകയാണെന്ന് കെ. സുധാകരൻ എം.പി. തളിപ്പറമ്പിൽ അക്രമത്തിനിരയായ കോൺഗ്രസ് മുൻ തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡൻ്റ് എസ്. ഇർഷാദിൻ്റെ വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമത്തിലൂടെ കോൺഗ്രസിനെ തകർക്കാമെന്നാണ് സി.പി.എം കരുതുന്നതെങ്കിൽ ആയിരം പ്രവർത്തകരുടെ ജീവൻ നൽകേണ്ടി വന്നാലും കോൺഗ്രസിനെ സംരക്ഷിക്കാൻ ഒരുക്കമാണെന്നും കെ. സുധാകരൻ പറഞ്ഞു.
അക്രമം ജില്ല മുഴുവൻ വ്യാപിപ്പിക്കാനാണ് സി.പി.എമ്മിൻ്റെ തീരുമാനമെന്നാണ് തളിപ്പറമ്പിൽ നടന്ന അക്രമത്തിൽ നിന്നും മനസിലാകുന്നത്. തങ്ങളുടെ അറിവോടെയാണോ അതോ പാർട്ടിയിലെ തെമ്മാടികൂട്ടം സ്വയം ആലോചിച്ചു നടപ്പിലാക്കിയതാണോ അക്രമങ്ങൾ എന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കണം. ഒരു കാലത്ത് സി.പി.എം ചെങ്കോട്ടയായിരുന്നു കണ്ണൂർ ജില്ല. അവിടെ കോൺഗ്രസ് ത്രിവർണ്ണ പതാക പാറിക്കുകയും അധികാരത്തിൽ വരികയും ചെയ്ത കാര്യം സി.പി.എം ഓർമിക്കണം. അക്രമത്തിലൂടെ കോൺഗ്രസിനെ തകർക്കാമെന്നാണ് സി.പി.എം കരുതുന്നതെങ്കിൽ ആയിരം പേരുടെ ജീവൻ നഷ്ടപ്പെടേണ്ടി വന്നാലും പ്രതിരോധിക്കാൻ കോൺഗ്രസ് തയ്യാറാണ്.
സംസ്ക്കാരവും രാഷ്ട്രീയ ബോധവുമില്ലാത്ത ചിലർ സി.പി.എമ്മിനെ നശിപ്പിക്കാൻ ഇറങ്ങിയിരിക്കുകയാണെന്ന് പാർട്ടി നേതൃത്വം തിരിച്ചറിയണം. അക്രമികളെ പാർട്ടി നടപടിക്ക് വിധേയമാക്കണം. സി.പി.എം അതിന് തയ്യാറാകുന്നില്ലയെങ്കിൽ ഞങ്ങൾക്ക് ചെയ്യാനുള്ളത് ഞങ്ങൾ ചെയ്യും. രാഷ്ട്രത്തിന് ആത്മാവ് നൽകിയ, രാഷ്ട്രത്തിൻ്റെ മുഖമായ രാഷ്ട്രപിതാവായ ഗാന്ധിയുടെ സ്തൂപം സ്ഥാപിക്കാൻ സി.പി.എം തെണ്ടികളുടെ അനുമതി വേണമെന്നാണെങ്കിൽ, അത് സി.പി.എമ്മിൻ്റെ പതനമാണ് സൂചിപ്പിക്കുന്നത്. ജില്ലയിൽ അക്രമം നടന്ന സ്ഥലങ്ങളിൽ ഉൾപ്പെടെ നൂറ് ഗാന്ധി പ്രതിമകൾ സ്ഥാപിക്കും. അത് സംരക്ഷിക്കുമെന്നും, അതിനുള്ള തൻ്റേടം ഞങ്ങൾക്കുണെന്നും കെ. സുധാകരൻ പറഞ്ഞു.
കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളായ മുഹമ്മദ് ബ്ലാത്തൂർ, രാജീവൻ എളയാവൂർ, ടി.ജനാർദ്ദനൻ, ഇ ടി രാജീവൻ, രാജീവൻ കപ്പച്ചേരി, വിജിൽ മോഹൻ, ഫർസിൻ മജീദ്, ജോഷി കണ്ടത്തിൽ, പി.കെ സരസ്വതി, അഡ്വ ടി.ആർ മോഹൻദാസ്, രാഹുൽ വെച്ചിയോട്ട്, പ്രജീഷ് കൃഷ്ണൻ തുടങ്ങിയവരും കെ. സുധാകരനോടൊപ്പം എത്തിയിരുന്നു.