കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. കുറ്റകൃത്യത്തിന്‍റെ ലക്ഷ്യം ആദ്യ കുറ്റപത്രത്തിൽ തന്നെയുണ്ടെന്നും നടിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി പണം ആവശ്യപ്പെട്ട് ബ്ലാക് മെയിൽ ചെയ്യുകയായിരുന്നു ലക്ഷ്യമെന്നും വിധിന്യായത്തിൽ പറയുന്നു. ആറുപ്രതികളും ഈയൊരൊറ്റ ലക്ഷ്യത്തോടെയാണ് കൃത്യത്തിൽ പങ്കെടുത്തത്. ദിലീപിന്‍റെ ക്വട്ടേഷനാണെന്ന് സ്ഥാപിക്കാൻ പ്രോസിക്യൂഷനായില്ലെന്നും വിധിന്യായത്തിലുണ്ട്.
ദിലീപിനെപ്പറ്റി നടിയ്ക്ക് ആദ്യഘട്ടത്തിൽ സംശയമോ പരാതിയോ ഉണ്ടായിരുന്നില്ല. ദിലീപിനെ ഭയന്നാണ് നടി ആദ്യഘട്ടത്തിൽ ഇക്കാര്യം പറയാതിരുന്നതെന്ന പ്രോസിക്യൂഷൻ വാദം നിലനിൽക്കില്ല. ഉന്നത പൊലീസുദ്യോഗസ്ഥർ അടക്കം ഉൾപ്പെട്ടതായിരുന്നു എസ്ഐടി. ദിലീപിന്‍റെ പങ്കാളിത്തത്തെപ്പറ്റി വെളിപ്പെടുത്തുന്നതിന് നടിയ്ക്ക് ഭയക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. ആദ്യം കുറ്റപത്രം സമർപ്പിച്ചതിനുശേഷമാണ് ദിലീപ് ചിത്രത്തിലേക്ക് വരുന്നതെന്നും വിധിന്യായത്തിൽ പറയുന്നു.