
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഗംഭീര വിജയം സമ്മാനിച്ച ജനങ്ങളോട് ഐക്യ ജനാധിപത്യ മുന്നണിയിലെ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെയും പേരില്‍ നന്ദി അറിയിക്കുന്നതായി ഷാഫി പറമ്പിള്‍ എംപി. വിജയത്തില്‍ തെല്ലും അഹങ്കരിക്കാതെ ജനങ്ങള്‍ക്കിടയിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാനും അവര്‍ ആഗ്രഹിക്കുന്ന തലത്തില്‍ പ്രവര്‍ത്തിക്കാനും സന്നദ്ധരാണെന്നും ഷാഫി പറമ്പില്‍ എംപി അറിയിച്ചു.
കേരളത്തിലെ ജനങ്ങള്‍ സര്‍ക്കാരിനെ നിര്‍ത്തിപൊരിച്ചിരിക്കുകയാണ്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള എല്ലാ ഇടതുകോട്ടകളെയും പൊളിച്ചെഴുതി എല്ലാ മേല്‍കോയ്മയും അവസാനിപ്പിച്ച്, എല്ലാ കള്ളസഖ്യങ്ങളെയും തുറന്നുകാണിച്ചാണ് ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ യുഡിഎഫിനൊപ്പം നിന്നിട്ടുള്ളത്. ഇത് കേരളത്തിലെ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ വിധിയെഴുത്താണെന്ന് പറയാതിരിക്കാനാകില്ലെന്നും ഷാഫി പറഞ്ഞു.
പിണറായി വിജയനും അദ്ദേഹം നേതൃത്വം നല്‍കുന്ന സര്‍ക്കാരിനുമെതിരായ വിധിയെഴുത്താണിത്. എല്ലാ തിരഞ്ഞെടുപ്പും സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് ഈ തിരഞ്ഞെടുപ്പിന് മുമ്പ് പോലും അദ്ദേഹം പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ സര്‍ക്കാരിനുമെതിരായ കേരളത്തിലെ ജനങ്ങളുടെ അതിശക്തമായ വിധിയെഴുത്താണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളതെന്നും ഷാഫി പറമ്പില്‍ അഭിപ്രായപ്പെട്ടു.
504-ല്‍ അധികം പഞ്ചായത്തുകളില്‍ ഐക്യജനാധിപത്യ മുന്നണി വിജയിച്ച് വരുന്ന സാഹചര്യമുണ്ടാകുന്നു. 54-ല്‍ അധികം മുനിസിപ്പാലിറ്റികള്‍ യുഡിഎഫിനാണ്. സിപിഎമ്മിന്റെ കുത്തകയായിരുന്ന കോര്‍പറേഷനുകള്‍ പോലും പൊളിച്ചെഴുതുന്ന തരത്തിലുള്ള ഒരു വിധിയെഴുത്ത്. കോഴിക്കോട് പോലും അവസാനത്തെ ചിരി നമ്മുടേതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ നോക്കിയാല്‍ അടപടലം ഇവര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും ഷാഫി പറമ്പില്‍ പരിഹസിച്ചു.