വളര്‍ത്തുനായ നക്കി, അണുബാധയേറ്റ് 83-കാരിക്ക് ദാരുണാന്ത്യം

10:26 AM Jul 30, 2025 | Renjini kannur

വളർത്തുനായ നക്കിയതിനെ തുടർന്നുണ്ടായ അണുബാധ കാരണം വയോധിക മരിച്ചു. യുകെയിലെ നോർഫോക് കൗണ്ടിയിലെ ആറ്റ്ല്‍ബറോയിലാണ് സംഭവം.ജൂണ്‍ ബക്സ്തർ എന്ന 83-കാരിയാണ് മരിച്ചത്.

ജൂണ്‍ 29-നാണ് സംഭവമുണ്ടായത്. വീട്ടില്‍ വെച്ച്‌ ശൗചാലയം ഉപയോഗിക്കുന്നതിനിടെ വയോധികയുടെ കാലിന് എങ്ങനെയോ മുറിവേറ്റു. ഈ സമയത്ത് അവർ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. പിന്നീട് പേരക്കുട്ടിയായ കെയ്റ്റലൻ അലിൻ അവിടേക്കെത്തി. കെയ്റ്റലന്റെ വളർത്തുനായ വയോധികയുടെ കാലിലെ മുറിവില്‍ നക്കുകയായിരുന്നു.

മുറിവില്‍ നിന്നുള്ള സാമ്ബിളുകള്‍ പരിശോധിച്ചപ്പോള്‍ പാസ്ച്റെല്ല മള്‍ട്ടോസിഡ എന്ന ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. സാധാരണയായി നായ്ക്കളുടെ വായില്‍ കാണപ്പെടുന്ന ബാക്ടീരിയയാണ് ഇത്. ഏകദേശം 50 ശതമാനം നായ്ക്കളുടെ വായിലും ഈ ബാക്ടീരിയ ഉണ്ടാകുമെന്നാണ് കണക്ക്. നായ്ക്കള്‍ക്ക് ദോഷമുണ്ടാക്കാത്ത ബാക്ടീരിയയാണ് ഇത്.

ചികിത്സയില്‍ തുടരുമ്ബോഴും ബക്സ്തർ സെപ്സിസിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതായാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. ഇതേത്തുടർന്ന് ജൂലായ് ഏഴിന് അവർ മരണത്തിന് കീഴടങ്ങുകയായിരുന്നു