ന്യൂഡൽഹി: ഇന്ത്യ ഒരു “നിർജ്ജീവ സമ്പദ്വ്യവസ്ഥ” ആയി മാറിയെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിർമ്മല സീതാരാമനും ഒഴികെയുള്ള എല്ലാവർക്കും അറിയാമെന്നും രാഹുൽ പരിഹസിച്ചു. ഇന്ത്യൻ ഇറക്കുമതിക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ തീരുവകളും പിഴകളും പ്രഖ്യാപിക്കുകയും, ഇന്ത്യയെയും റഷ്യയെയും “നിർജ്ജീവ സമ്പദ്വ്യവസ്ഥകൾ” എന്ന് വിശേഷിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ ഈ പ്രസ്താവന.
“ട്രംപ് ഒരു വസ്തുത പറയുകയാണ്. ഇന്ത്യൻ സമ്പദ്വ്യവസ്ഥ മരിച്ചുവെന്ന് എല്ലാവർക്കും അറിയാം, പ്രധാനമന്ത്രിയും ധനമന്ത്രിയും ഒഴികെ,” രാഹുൽ പറഞ്ഞു. ഗൗതം അദാനിയുടെ നേട്ടത്തിനായി സർക്കാർ സമ്പദ്വ്യവസ്ഥയെ തളർത്തുകയാണെന്നും “ഒന്നോ രണ്ടോ ബിസിനസുകാരെ പിന്തുണയ്ക്കാൻ വേണ്ടി മാത്രമാണ് അവർ സമ്പദ്വ്യവസ്ഥയെ തകർത്തത്” എന്നും അദ്ദേഹം ആരോപിച്ചു. സർക്കാരിന്റെ വിദേശനയത്തെയും രാഹുൽ ഗാന്ധി നിശിതമായി വിമർശിച്ചു. “നമ്മൾക്ക് മികച്ച വിദേശനയമുണ്ടെന്ന് വിദേശകാര്യ മന്ത്രി അവകാശപ്പെടുന്നു. എന്നാൽ അമേരിക്ക നമ്മളെ അപമാനിക്കുന്നു, ചൈന നമ്മളെ ഭീഷണിപ്പെടുത്തുന്നു, നമ്മൾ നയതന്ത്ര പ്രതിനിധികളെ അയയ്ക്കുമ്പോൾ, ഒരു രാജ്യവും പാകിസ്ഥാനെതിരെ നമ്മോടൊപ്പം നിൽക്കുന്നില്ല. ഇതിനെയാണോ അവർ നയതന്ത്രം എന്ന് വിളിക്കുന്നത്?” അദ്ദേഹം ചോദിച്ചു.