ചിരട്ട പോലും പുഷ്പമാക്കും ഈ തൊണ്ണൂറ്റെട്ടുകാരൻ

12:35 PM Jul 01, 2025 |


ആലക്കോട് : വല്ലഭനു പുല്ലും ആയുധം എന്നു കേട്ടിട്ടില്ലേ? കഴിവുള്ളവരുടെ കാര്യം അങ്ങനെയാണ്. തേങ്ങയോ ചിരട്ടയോ   മുളയോ എന്നൊന്നുമില്ല, അവരുടെ കൈ തൊട്ടാൽ അതൊരു കലാരൂപമാണ്.അങ്ങനെ ചിരട്ടകളിൽ വിസ്മയം തീർക്കുന്ന 98 കാരനായ മുത്തശ്ശനുണ്ട് ആലക്കോട് .തേർത്തല്ലി സ്വദേശി തോമസാണ് വലിച്ചെറിയുന്ന ചിരട്ടകൾ കൗതു കമുള്ള വസ്തുക്കളാക്കി മാറ്റുന്നത്.

കാക്കയും, കൊക്കും മണ്ണെണ്ണ വിളക്ക് എന്നു വേണ്ട  തൊട്ടതെല്ലാം ചിരട്ടയിൽ പൊന്നാക്കുകയാണ് തേർത്തല്ലി ആലത്താം വളപ്പിലെ 98 കാരനായ തോമസ് .വലിച്ചെറിയുന്ന ചിരട്ടകൾ ഈ മുത്തശ്ശൻ്റെ കയ്യിൽ കിട്ടിയാൽ   ചന്തമുള്ള വസ്തുക്കളാകും.2008 ലാണ്   തോമസ് ചിരട്ട കൊണ്ടുള്ള കരകൗശല വസ്തുക്കളുടെ നിർമാണം ആരംഭിച്ചത് .


കുത്തി നടക്കാനുള്ള ഊന്ന് വടി പോലും ചിരട്ട കൊണ്ടുണ്ടാക്കിയതാണ് ഈ മുത്തച്ഛൻ . ഇത്തരം നിർമ്മാണത്തിലാകട്ടെ യാതൊരു മുൻപരിചയവുമില്ലെന്നതാണ്  മറ്റൊരാശ്ചര്യം . ചിരട്ട കൊണ്ടുള്ള കരകൗശലവസ്തുക്കളുടെ നിർമ്മാണ രീതിയും തോമസ് തന്നെ വിശദീകരിക്കുന്നു .


ചിരട്ടയിൽ വിസ്മയം തീർക്കുന്ന  ഈ 98 കാരന് ഒരാഗ്രഹം കൂടിയുണ്ട് , താൻ ചിരട്ട കൊണ്ട് നിർമ്മിച്ച വസ്തു പ്രധാനമന്ത്രിക്കും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമുൾപ്പെടെ സമ്മാനിക്കണമെന്ന്.തന്റെ ആഗ്രഹം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ് ഈ മുത്തച്ഛൻ .