+

അണികളുടെ രണധീരതയേക്കാള്‍ പിണറായിക്ക് മുന്‍ഗണന സ്വന്തംതടി ; കെ.സി.വേണുഗോപാല്‍

പുതിയ ഡിജിപി നിയമനവുമായി ബന്ധപ്പെട്ട് എഎ ഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഉന്നിയച്ച ഗുരുതരമായ ആക്ഷേപം വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. പൊതുവെ അസ്വാഭാവിത തോന്നില്ലെങ്കിലും

പുതിയ ഡിജിപി നിയമനവുമായി ബന്ധപ്പെട്ട് എഎ ഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഉന്നിയച്ച ഗുരുതരമായ ആക്ഷേപം വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. പൊതുവെ അസ്വാഭാവിത തോന്നില്ലെങ്കിലും കൂറെ രാഷ്ട്രീയമാനങ്ങള്‍ ഈ നിയമനത്തിന് പിന്നിലുണ്ട്. 

കൂത്തുപറമ്പ് വെടിവെയ്പ്പില്‍ അഞ്ചു ഡിവൈഎഫ് ഐ പ്രവര്‍ത്തകരുടെ ജീവനെടുത്ത ഉദ്യോഗസ്ഥനെ വളരെപ്പെട്ടന്ന് സിപിഎമ്മിന് എങ്ങനെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു? ആര്‍എസ്എസിന്റെ അക്രമണത്തില്‍ ഇരവാദം നിരന്തരം ഉന്നയിക്കുകയും രണധീരതയുടെ രക്തസാക്ഷിത്വ മഹത്വം പേറി സംഘപരിവാര്‍ ബന്ധത്തെ നിരന്തരം പ്രതിരോധിക്കുന്ന സിപിഎമ്മിന്, അവരുടെ അണികളെ കൊന്നുതള്ളിയ ഒരു ഉദ്യോഗസ്ഥനെ വളരെപ്പെട്ടന്ന് സ്വീകാര്യനായോ ? അണികളെ കൊലപ്പെടുത്തിയതിന്റെ പേരില്‍ സിപിഎമ്മിന്റെ കണ്ണിലെ കരടായി മാറേണ്ട ഒരു ഉദ്യോഗസ്ഥനെ പോലീസ് മേധവി സ്ഥാനത്തേക്ക് കൈപിടിച്ചുയുര്‍ത്തിന് പിന്നിലെ ഛേതോവികാരം എന്താണ്? പി.ജയരാജന്‍ പോലുള്ള ചുരുക്കം സിപിഎം നേതാക്കളുടെ എതിര്‍പ്പ് അവഗണിച്ചും ഭൂരിപക്ഷം സിപിഎം നേതാക്കളെ ഭയപ്പെടുത്തി ഒപ്പം നിര്‍ത്തിയും മുഖ്യമന്ത്രി മോദി ബന്ധമുള്ള ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിന്റെ കാരണമെന്തായിരിക്കും? മുഖ്യമന്ത്രിയുടെ ആര്‍എസ്എസ് അമിത താല്‍പ്പര്യത്തെ എംഎ ബേബി,എംവി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ചോദ്യം ചെയ്യാന്‍ ധൈര്യമില്ലാത്തത് എന്തുകൊണ്ട് ?

ഇത്തരം ചോദ്യങ്ങളിലേക്ക് ചൂഴ്ന്നിറങ്ങുമ്പോഴാണ് കെസി വേണുഗോപാല്‍ ഉന്നയിച്ച ആക്ഷേപത്തിന്റെ പ്രസക്തി തെളിഞ്ഞുവരുന്നത്. മോദിക്കും കേന്ദ്രസര്‍ക്കാരിനും അനഭിമതനായ നിതിന്‍ അഗര്‍വാളിനെ തഴഞ്ഞപ്പോള്‍, ബിജെപിക്ക് അഭിമതനായ റവാഡ ചന്ദ്രശേഖറിനെ ഡിജിപിയാക്കിയതും യാദൃശ്ചികമല്ലെന്ന് നമുക്ക് മനസിലാകും. പിണറായി ചോദിക്കാനിരുന്ന താമസം മണിക്കൂറുകള്‍ കൊണ്ട് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കേരളത്തിലേക്ക് മടക്കി അയയ്ക്കാനും മോദി കാട്ടിയ ഹൃദയവിശാലതയും നാം കാണാതെ പോകരുത്.

ഇവിടെയാണ് കെസി വേണുഗോപാല്‍ ഉന്നയിച്ച ബിജെപിയും സിപിഎമ്മും തമ്മിലുറപ്പിച്ച രണ്ടാം ഡീലാണ് റവാഡയുടെ ഡിജിപിയായുള്ള നിയമനം എന്ന ആരോപണത്തിന് കൂടുതല്‍ തീക്ഷണത വരുന്നത്. ആദ്യ ഡീലിന്റെ ഭാഗം തൃശ്ശൂര്‍ പൂരം കലക്കിയതിലും തുടര്‍ന്ന് ബിജെപിക്ക് ലോക്‌സഭയില്‍ ഒരംഗത്ത് കേരളത്തില്‍ നിന്ന് സംഭാവന ചെയ്തതുമായിരുന്നു. ഉപതിരഞ്ഞെടുപ്പുകളിലെ പരാജയം മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നു. അതിനാലായിരിക്കും ബിജെപിയുമായി പാലം പണിയാന്‍ ശേഷിയുള്ള ഉദ്യോഗസ്ഥരെ കേരളത്തിലേക്ക് അദ്ദേഹം റിക്രൂട്് ചെയ്യുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ സിപിഎം ബിജെപി അന്തര്‍ധാരയ്ക്ക് കളം ഒരുക്കുന്നതിന്റെ ഭാഗം കൂടിയാണ് ഈ ഡിജിപി നിയമനമെന്ന പരമയാഥാര്‍ത്ഥ്യമാണ് കെസി വേണുഗോപാല്‍ അനാവരണം ചെയ്തത്.

ആര്‍എസ്എസ,് ബിജെപി ബന്ധമുള്ള ഉദ്യോഗസ്ഥരെ ഒപ്പം നിര്‍ത്താനും സംരക്ഷിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരിക്കലും പിശുക്ക് കാണിക്കില്ല.മുന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ ബിജെപിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് തന്നെ ചട്ടങ്ങള്‍ക്കാറ്റില്‍ പറത്തി സ്ഥാനങ്ങള്‍ക്ക് നല്‍കുകയും അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം  പ്രത്യേക പരിഗണനയോടെ കൊച്ചിന്‍ മെട്രോയുടെ എംഡിയായി നിയമിക്കുകയും ചെയ്തതും തുടര്‍ന്നും അദ്ദേഹത്തിന്റെ മഹത്വരമായ സേവനം സംസ്ഥാനത്തിന് കിട്ടാന്‍ വേണ്ടിയല്ലെന്നത് വ്യക്തം.അര്‍എസ്എസ് ബന്ധമുള്ള മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥനായ എഡിജിപി എംആര്‍ അജിത് കുമാറിനെ സംരക്ഷിക്കുന്നതും ഡിജിപി കസേരയില്‍ ഇരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരിശ്രമിച്ചതും വ്യക്തമായ കണക്ക് കൂട്ടലോടെയായിരുന്നു. പക്ഷെ,ആ ശ്രമം പരാജയപ്പെട്ടപ്പോഴും തളരാതെ ഡിജിപി പട്ടികയില്‍ ബിജെപിയുമായും പ്രധാനമന്ത്രി മോദിയുമായി ദൃഢബന്ധമുള്ള ഒരു ഉദ്യോഗസ്ഥനെ തന്നെ കണ്ടെത്തി ഡിജിപി പദവിയിലിരുത്തിയ പിണറായി വിജയന്റെ മനസിന്റെ മനസിന്റെ വിശാലത കാണാതെ പോകരുത്!

 KC Venugopal

ഡിജിപി പട്ടികയില്‍ ഒന്നാം പേരുകാരനായ നിതിന്‍ അഗര്‍വാളിനെ പിണറായി സര്‍ക്കാര്‍ ഒഴിവാക്കിയത് കേന്ദ്രസര്‍ക്കാരുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്നാണ് കെസി വേണുഗോപാല്‍ പറഞ്ഞത് ഇവിടെയാണ് നാം ചേര്‍ത്ത് വായിക്കേണ്ടത്. നിതിന്‍ അഗര്‍വാളും യോഗേഷ് ഗുപ്തയും മികച്ച ഉദ്യോഗസ്ഥരായിരുന്നിട്ടും മുഖ്യമന്ത്രിക്ക് പ്രിയപ്പെട്ടതും ഇവരേക്കാള്‍ ഭേദപ്പെട്ട ഉദ്യോഗസ്ഥനായി തോന്നിയതും റവാഡ് ചന്ദ്രശേഖറിനെയാണ്. ബിഎസ്എഫ് ഡയക്ടര്‍ ജനറല്‍  സ്ഥാനത്ത് നിന്നും നിതിന്‍ അഗര്‍വാളിനെ മോദി നീക്കിയത് അനിഷ്ടത്തിന്റെയും അഭിപ്രായ വ്യത്യാസത്തിന്റെയും പേരിലാണ്. അങ്ങനെയുള്ള ഉദ്യോഗസ്ഥനെ ഡിജിപി സ്ഥാനത്തേക്ക് പിണറായി വിജയന്‍ കൊണ്ടുവന്നിരുന്നെങ്കില്‍ സംഘപരിവാറിനും മോദിക്കും എതിരായി അദ്ദേഹം സ്വീകരിക്കുമെന്ന് അവകാശപ്പെടുന്ന നിലപാട് ശരിയാണെന്ന് പറയാമായിരുന്നു. കോണ്‍ഗ്രസും പ്രതിപക്ഷവും ഉന്നയിക്കുന്നത് പോലെ പിണറായി വിജയന്റെ ബിജെപി,സംഘപരിവാര്‍ വിരുദ്ധത തട്ടിപ്പാണെന്നത് ഒരിക്കല്‍ക്കൂടി സാധൂകരിക്കുന്ന നിലപാടാണിത്.

സത്യസന്ധരായ ഉദ്യോഗസ്ഥരെക്കാള്‍ പിണറായി സര്‍ക്കാരിന് വേണ്ടത്  പ്രധാനമന്ത്രിക്ക് വേണ്ടപ്പെട്ട വ്യക്തിയെയാണ്.ഇന്റലിജെന്‍സ് ബ്യൂറോ സ്പെഷ്യല്‍ ഡയറക്ടര്‍ പദവിയും  പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയും വഹിച്ചിരുന്ന റവാഡ ചന്ദ്രശേഖറെ ഡിജിപിയായി അവരോധിച്ചതിലൂടെ മോദിയെ സുഖിപ്പിക്കുകയാണ് പിണറായി വിജയന്‍. മകള്‍ ആരോപണവിധേയായ സാമ്പത്തിക ക്രമക്കേട് കേസില്‍ ഉള്‍പ്പെടെ പിണറായി വിജയന് നേരെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ദൃഷ്ടിപതിയാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടിയാണ് ഈ നിയമനം എന്ന് വ്യാഖ്യാനിച്ചാലും തെറ്റില്ല. ഇതുതന്നെയാണ് കെസി വേണുഗോപാല്‍ പറഞ്ഞത്.കൂത്തുപറമ്പ് രക്തസാക്ഷികളെക്കാളും സ്വന്തം തടിരക്ഷിക്കുകയാണ് മുഖ്യമന്ത്രിയെന്നാണ് കെസി വേണുഗോപാല്‍ ഉന്നയിച്ചത്. 

കൂത്തുപറമ്പ് വെടിവെയ്പ്പിന് കാരണക്കാരനായ റവാഡെയ്ക്ക്തിരെ നാളിതുവരെ സിപിഎം പറഞ്ഞിരുന്ന ആക്ഷേപങ്ങളും അധിക്ഷേപങ്ങളും സിപിഎമ്മിന് മുഖ്യമന്ത്രിക്ക് വേണ്ടി വിഴുങ്ങേണ്ടി വന്നു. എന്തൊരു ഗതികേടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക്. പിണറായി വിജയന്റെ ഹിതത്തിനും അഹിതത്തിനും പ്രത്യയശാസ്ത്രവും നിലപാടും ആദര്‍ശവും തിരുത്തേണ്ട ദുരവസ്ഥ.കൂത്തുപറമ്പ് വെടിവെപ്പുമായി ബന്ധപ്പെട്ട് അന്ന് റവാഡ ചന്ദ്രശേഖരനെതിരെ ഉന്നയിച്ച ആരോപണം സിപിഎമ്മിന് പറ്റിയ തെറ്റായിരുന്നുവെന്ന് സമ്മതിക്കാനുള്ള ആര്‍ജ്ജവം കാണിക്കുമോയെന്ന കെസി വേണുഗോപാലിന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ പോലും ശേഷിയില്ലാത്ത നേതൃത്വമാണ് സിപിഎമ്മിന്റെ ശാപം.

ആരുമായും അവിശുദ്ധബന്ധം സ്ഥാപിച്ച് സ്വയം രക്ഷപെടാന്‍ ശ്രമിക്കുന്ന പിണറായി വിജയനെന്ന ശത്രുവിനെ സിപിഎം അണികള്‍ തിരിച്ചറിയണം.ഇല്ലെങ്കില്‍ നാളെകളുടെ വിസ്മൃതിയിലേക്ക് സിപിഎമ്മെന്ന പ്രസ്ഥാനത്തെ പിണറായി കൊണ്ടെത്തിക്കും.കാരണം പ്രത്യയശാസ്ത്ര ബോധത്തേക്കാള്‍ പിണറായി വിജയനെ നയിക്കുന്നത് സ്വാര്‍ത്ഥതയും കുടുംബതാല്‍പ്പര്യവും മാത്രമാണ്.

facebook twitter