+

ആനക്കൊട്ടിൽ കോണ്‍ക്രീറ്റ് തൂണ്‍ ഇളകി വീണ് നാല് വയസുകാരന്‍ മരിച്ച സംഭവം; ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

കോന്നിയുടെ ചുമതലയുള്ള റാന്നി ഡി എഫ് ഒ ആണ് ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുക. ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച സംഭവിച്ചെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 

പത്തനംതിട്ട : കോന്നി ആനക്കൊട്ടിൽ കോണ്‍ക്രീറ്റ് തൂണ്‍ ഇളകി വീണ് നാല് വയസുകാരന്‍ മരിച്ച സംഭവത്തിൽ ഇന്ന് വനംവകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കോന്നിയുടെ ചുമതലയുള്ള റാന്നി ഡി എഫ് ഒ ആണ് ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുക. ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച സംഭവിച്ചെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 

പ്രദേശത്ത് ബലക്ഷയം സംബന്ധിച്ച പരിശോധന നടത്തിയില്ല. സുരക്ഷാ പരിശോധന നടത്തുന്നതിലും വീഴ്ച സംഭവിച്ചു. ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മന്ത്രിക്ക് തിങ്കളാഴ്ച അന്തിമ റിപ്പോര്‍ട്ട് നല്‍കും. അന്തിമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടി. കോന്നി ആനക്കൊട്ടിലില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകി വീണ് നാല് വയസുകാരന്‍ മരിച്ചതിനെ തുടർന്നാണ് റിപ്പോർട്ട് സമർപ്പിക്കുക. അടൂര്‍ കടമ്പനാട് സ്വദേശി അഭിരാം ആണ് കഴിഞ്ഞ ദിവസം മരിച്ചത്. 

ഇളകി നില്‍ക്കുകയായിരുന്ന തൂണില്‍ പിടിച്ച് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ തൂണ് മറിഞ്ഞ് കുഞ്ഞിന്റെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിറാമിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. അപകടത്തെ തുടര്‍ന്ന് കോന്നി ആനത്താവളം താല്‍ക്കാലികമായി അടച്ചു.

facebook twitter