പത്തനംതിട്ട : നവംബർ ഒന്നിന് കേരളത്തെ അതിദാരിദ്ര്യരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കാനിരിക്കെ ജില്ലയിലെ പ്രവർത്തനം ഊർജിതമാക്കണമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന മേഖലാതല അവലോകന യോഗത്തിന്റെ തുടർ നടപടി കലക്ടറേറ്റ് ചേമ്പറിൽ വിശദീകരിക്കുകയായിരുന്നു മന്ത്രി. അതിദാരിദ്ര്യ നിർമാർജനമെന്ന ലക്ഷ്യമിട്ട് പദ്ധതി പുരോഗമിക്കുന്നു. ജില്ലയിൽ 66 ശതമാനം കുടുംബത്തെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു. ഒക്ടോബറിനുള്ളിൽ 100 ശതമാനം പൂർത്തിയാക്കും.
ലൈഫ് മിഷൻ, തദ്ദേശ റോഡ് പുനരുദ്ധാരണം, അതിദാരിദ്ര്യ നിർമാർജനം, മാലിന്യ മുക്ത കേരളം, ഹരിതകേരളം മിഷൻ വിഷയങ്ങളാണ് പരിശോധിച്ചത്. ജില്ലയുടെ സമഗ്ര വികസനത്തിന് വകുപ്പുകളുടെ കൂട്ടായ പ്രവർത്തനം ആവശ്യമാണ്. ക്യത്യമായ അവലോകനം വേണം. ജില്ലയിൽ ലൈഫ് മിഷൻ പദ്ധതി പ്രകാരം അർഹരായ 74.25 ശതമാനം പേരുടെ വീട് നിർമാണം പൂർത്തിയായി. കൃത്യമായ രേഖകളില്ലാത്ത ഉപഭോക്തക്കൾക്ക് തടസം കൂടാതെ വിതരണം ചെയ്യും.
കരാറിൽ ഏർപ്പെടുന്നവർക്ക് ബന്ധപ്പെട്ട രേഖ സമയ തടസമില്ലാതെ നൽകണം. തദ്ദേശ പുനരുദ്ധാരണ പദ്ധതി പ്രകാരം ജില്ലയിൽ ആകെയുള്ള 141 റോഡുകളിൽ 28 എണ്ണത്തിന് കരാർ നൽകി. ആറ് എണ്ണത്തിന്റെ പ്രവൃത്തി ആരംഭിച്ചു. അടുത്ത മൂന്നു മാസത്തിനുള്ളിൽ എല്ലാ റോഡുകളുടെയും നിർമാണം പൂർത്തിയാക്കും. മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായി യൂസർ ഫീ ശേഖരണം നൂറു ശതമാനത്തിലെത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. മൂന്നുമാസത്തിനുള്ളിൽ ജില്ലയിൽ 32 ശതമാനം നീർച്ചാലുകൾ വീണ്ടെടുക്കും. തരിശ് പാടശേഖരം കൃഷിക്ക് അനുയോജ്യമാക്കുന്നത് പരിശോധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ, എഡിഎം ബി ജ്യോതി, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.