പത്തനംതിട്ട : ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയുടെ മുഖച്ഛായ മാറ്റുന്ന വികസനം നടന്നെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. പത്തനംതിട്ട നഗരസഭ വികസന സദസിന്റെ ഉദ്ഘാടനം അബാൻ ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. നഗരത്തിലെ റോഡുകൾ ബിഎംബിസി നിലവാരത്തിലായി. പത്തനംതിട്ട റിങ് റോഡ് സ്മാർട്ടായി. 50 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന പത്തനംതിട്ട സ്റ്റേഡിയം ജനുവരിയിൽ നാടിന് സമർപ്പിക്കും. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 46 കോടി രൂപയുടെ വികസന പ്രവൃത്തി പുരോഗമിക്കുന്നു. പുതിയ നഴ്‌സിംഗ് കോളജ് നിർമിച്ചു. മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റം ഉണ്ടായി. പുതിയ നിരവധി ഓഫീസ് കെട്ടിടങ്ങൾ യഥാർത്ഥ്യമായി. ഭക്ഷ്യ സുരക്ഷാ ലാബ് ഉടൻ നാടിനു സമർപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
ജനകീയമായ ഇടപെടലാണ് സർക്കാരിന്റേത്. സാമൂഹ്യ ക്ഷേമ പെൻഷൻ 500ൽ നിന്നും ആയിരം രൂപയിലേക്ക് ഉയർത്തണം എന്നതായിരുന്നു 2016 ൽ ആദ്യ മന്ത്രിസഭ യോഗം തീരുമാനിച്ചത്. എന്നാൽ ഒമ്പതു വർഷത്തിനിടെ പ്രതിമാസ ക്ഷേമപെൻഷൻ 2000 രൂപയിലെത്തി. 35 മുതൽ 60 വയസുള്ള നിലവിൽ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കാത്ത എ.എ.വൈ (മഞ്ഞക്കാർഡ്), പി.എച്ച്.എച്ച് (മുൻഗണനാ വിഭാഗം-പിങ്ക് കാർഡ്) വിഭാഗത്തിൽപെട്ട സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ വീതം സ്ത്രീ സുരക്ഷ പെൻഷൻ, ജോലി ഇല്ലാത്ത യുവാക്കൾക്ക് കണക്ട് ടു ജോബ് പദ്ധതി വഴി ആയിരം രൂപയും എന്നിവ നൽകാൻ തീരുമാനമായി. അങ്കണവാടി വർക്കർമാരുടെയും ആശമാരുടെയും വേതനം 1000 രൂപ വർധിപ്പിച്ചു. കുടുംബശ്രീ എഡിഎസിനുള്ള ഗ്രാൻഡ് ആയിരം രൂപ കൂട്ടി. നെല്ലിന്റെ സംഭരണ വില 30 രൂപയായി ഉയർത്തി. റബറിന്റെ താങ്ങു വില 200 രൂപയാക്കി. നവംബർ ഒന്നിന് അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നും മന്ത്രി കൂട്ടിചേർത്തു.
നഗരസഭയുടെ കഴിഞ്ഞ അഞ്ചു വർഷത്തെ വികസന പ്രവർത്തനം ഉൾപ്പെടുത്തിയ പ്രോഗ്രസ് റിപ്പോർട്ട് മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു.
സമാനത ഇല്ലാത്ത വികസനത്തിനാണ് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നഗരസഭ സാക്ഷ്യം വഹിച്ചതെന്ന് അധ്യക്ഷനായ പത്തനംതിട്ട നഗരസഭ ചെയർപേഴ്‌സൺ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു. ഹാജി മീരാസാഹിബ് സ്മാരക ബസ് സ്റ്റാൻഡിന്റെ നിലവാരം ഉയർത്തി. നഗര ഹൃദയത്തിൽ ടൗൺ സ്‌ക്വയർ, ഹാപ്പിനസ് പാർക്ക്, ടേക്ക് എ ബ്രേക്ക്, ആധുനിക കഫെറ്റീരിയ, മറ്റു വിനോദ വിശ്രമ ഉപാധികൾ, ട്രാവലേഴ്‌സ് ലോഞ്ച് എന്നിവ സാധ്യമാക്കി. 28.50 കോടി രൂപ ചെലവിൽ നിർമാണം പുരോഗമിക്കുന്ന അമൃത 2.0 പദ്ധതിയിലൂടെ ചരിത്രത്തിൽ ആദ്യമായി നഗരത്തിൽ സമ്പൂർണ്ണ കുടിവെള്ള പദ്ധതി ഉറപ്പാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മികച്ച പ്രവർത്തനം നടത്തിയ ഹരിത കർമ സേനാംഗങ്ങളെ ആദരിച്ചു. നഗരസഭ വൈസ് ചെയർപേഴ്‌സൺ ആമിനാ ഹൈദരലി, സ്ഥിരം സമിതി അധ്യക്ഷരായ കെ ആർ അജിത് കുമാർ, ജെറി അലക്‌സ്, അനില അനിൽ, എസ് ഷമീർ, ആസൂത്രണ സമിതി അംഗം പി കെ അനീഷ്, നഗരസഭാംഗങ്ങളായ ശോഭാ കെ മാത്യു, വി ആർ ജോൺസൻ, ആർ സാബു, നീനു മോഹൻ, എ അഷ്‌റഫ്, ലാലി രാജു, സുജ അജി, വിമല ശിവൻ, എൽ സുമേഷ് ബാബു, സെക്രട്ടറി എ മുംതാസ്, സി ഡി എസ് ചെയർപേഴ്‌സൺ പൊന്നമ്മ ശശി എന്നിവർ പങ്കെടുത്തു.