അടൂർ; ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാറും മിനി ലോറിയും കൂട്ടിയിടിച്ച് തീർഥാടകരായ നാലു വയസ്സുള്ള കുട്ടി ഉൾപ്പെടെ 12 പേർക്കു പരുക്കേറ്റു. ഇന്ന് രാവിലെ 10.30ന് എംസി റോഡിൽ വടക്കടത്തുകാവ് എംഎംഡിം ഐടിഐയ്ക്കു സമീപത്തായിരുന്നു അപകടം.
കന്യകുമാരി, ശബരിമല തീർഥാടകരായ മാർത്താണ്ഡം തേങ്ങാപട്ടണം സ്വദേശികളായ എം.സതീഷ്കുമാർ(47), സി.സതീഷ്കുമാർ(48), മകൻ റിഷ്വ(4), സുജിൻ(40), അഭിനന്ദ്(10), അർഷിത്(10), ജിജേഷ്(14), ഗിരിവേഷ്(14), മുരുകൻ(43), സുരേഷ്കുമർ(56), മിനി ലോറിയിലെ ഡ്രൈവർ കോഴഞ്ചേരി സ്വദേശി ജോബി ടി.മാത്യു(47), സഹായി എരുമേലി സ്വദേശി സെബിൻഡ(27) എന്നിവർക്കാണ് പരുക്കേറ്റത്.
ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീർഥാടകർ ശബരിമല ദർശനം കഴിഞ്ഞ് മാർത്താണ്ഡത്തേക്ക് പോകവേയാണ് എതിരേ പാലുമായി വന്ന മിനി ലോറിയുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ കാറിന്റെ മുൻ വശം പൂർണമായും തകർന്നു. മിനി ലോറിയുടെയും മുൻ വശം തകർന്നിട്ടുണ്ട്. നാട്ടുകാരും പൊലീസും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ അടൂർ ആശുപത്രിയിൽ എത്തിച്ചത്.